കെ റെയില്‍: മുഖ്യമന്ത്രിയുടെ അമിതാവേശം അഴിമതിക്ക് കുടപിടിക്കാനെന്ന് കൃഷ്ണന്‍ എരഞ്ഞിക്കല്‍
ചെങ്ങറയിലെയും അരിപ്പയിലെയും ഭൂരഹിതര്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരം ചെയ്യുമ്പോഴാണ് വരേണ്യരെ പ്രത്യേകം ക്ഷണിച്ച് മുഖ്യമന്ത്രി പദ്ധതി വിശദീകരിക്കുന്നത്
തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുന്ന അമിതാവേശം അഴിമതിയും റിയല്‍ എസ്‌റ്റേറ്റ് താല്‍പ്പര്യവും മുന്നില്‍ കണ്ടാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. വിമര്‍ശനങ്ങള്‍ എണ്ണിപ്പറഞ്ഞ് മറുപടി പറഞ്ഞ മുഖ്യമന്ത്രി പദ്ധതി മൂലമുണ്ടാവുന്ന കടക്കെണിയെക്കുറിച്ചും പദ്ധതി വഴി നേടാനാവുന്ന വരുമാനത്തെക്കുറിച്ചും മിണ്ടിയില്ല. പദ്ധതിയുടെ മറവില്‍ സ്മാര്‍ട് സിറ്റികളും ടൗണ്‍ഷിപ്പുകളും അതുവഴി ഉണ്ടാവുന്ന റിയല്‍ എസ്‌റ്റേറ്റ് കോര്‍പറേറ്റ് ബിസിനസുമാണ് ലക്ഷ്യമിടുന്നതെന്ന് സിസ്ട്ര കമ്പനിയുടെ റിപോര്‍ട്ടുകള്‍ തന്നെ വ്യക്തമാക്കുന്നു.
പദ്ധതി ലാഭകരമാക്കാന്‍ പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളിലെ 10757 ഹെക്ടര്‍ വനവും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 1227.11 ഹെക്ടര്‍ റവന്യൂ ഭൂമിയും ടൗണ്‍ ഷിപ്പാക്കാനാണ് നിര്‍ദേശം. പത്തനംതിട്ട കൊടുമണ്ണില്‍ 2866.69 ഹെക്ടര്‍, തണ്ണിത്തോട്ടില്‍ 699 ഹെക്ടര്‍, എറണാകുളം, തൃശൂര്‍ ജില്ലകളിലായി കിടക്കുന്ന കാലടി ഗ്രൂപ്പില്‍നിന്ന് 3776.50 ഹെക്ടര്‍, നിലമ്പൂരില്‍ 435.9 ഹെക്ടര്‍, മണ്ണാര്‍കാട് സൈലന്റ്‌വാലി ഉള്‍പ്പെടുന്ന മേഖലയില്‍ 435.94 ഹെക്ടര്‍, കോഴിക്കോട് പേരാമ്പ്രയില്‍ 943 ഹെക്ടര്‍ എന്നിങ്ങനെയാണ് വനം വകുപ്പില്‍ നിന്ന് ഏറ്റെടുക്കുക. ഈ റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിയുടെ താല്‍പ്പര്യം വ്യക്തമാക്കുന്നതാണ്.
കേരളത്തിന്റെ പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും തകര്‍ത്തെറിയുന്ന പദ്ധതിക്കെതിരായ എതിര്‍പ്പിനെ കേവലം പുനരധിവാസ പ്രശ്‌നത്തിലേക്കു ലഘൂകരിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന മെയ്യഭ്യാസം അപഹാസ്യമാണ്. വല്ലാര്‍പാടം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി സ്ഥലം വിട്ടുനല്‍കിയവര്‍ കിടപ്പാടമില്ലാതെ പെരുവഴിയിലാണെന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്. ചെങ്ങറയിലും അരിപ്പയിലും അന്തിയുറങ്ങാന്‍ ഒരു തുണ്ടു ഭൂമിക്കുവേണ്ടി രാപ്പകല്‍ സമരം നടത്തുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരം ചെയ്യുമ്പോഴാണ് വരേണ്യരെ പ്രത്യേകം ക്ഷണിച്ച് പദ്ധതി വിശദീകരിക്കുന്നതെന്നത് ഏറെ ആശ്ചര്യമുളവാക്കുന്നതാണ്. വീടും കിടപ്പാടവും നഷ്ടപ്പെടുന്നവര്‍ക്ക് ലൈഫ് മാതൃകയില്‍ വീട് നല്‍കും എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ഭവനരഹിതരെ പരിഹസിക്കലാണ്. വീടിനുവേണ്ടി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കി തദ്ദേശ സ്ഥാപനങ്ങള്‍ കയറിയിറങ്ങുന്ന ലക്ഷക്കണക്കിന് ഭവന രഹിതരാണ് സംസ്ഥാനത്തുള്ളതെന്ന യാഥാര്‍ഥ്യം മുഖ്യമന്ത്രി ബോധപൂര്‍വം മറച്ചുവെക്കുകയാണ്. കോര്‍പ്പറേറ്റുകളെയും വരേണ്യ വിഭാഗങ്ങളെയും വിളിച്ചിരുത്തി വിശദീകരിക്കുന്നതിനു പകരം പൊതുസമൂഹത്തിന്റെ ആശങ്ക പരിഹരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടതെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ വാര്‍ത്താക്കുറുപ്പില്‍ വ്യക്തമാക്കി.