സില്‍വര്‍ ലൈന്‍ വിശദീകരണ യോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Update: 2022-03-06 02:52 GMT

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരും കെറെയിലും സംയുക്തമായി സംഘടിപ്പിച്ച വിശദീകരണ യോഗം ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് സമുദ്ര ഹാളില്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ചടങ്ങില്‍ മുഖ്യമന്ത്രി വിശദീകരിച്ചു. സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യമാവുമ്പോള്‍ സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ റെയില്‍വേ സ്‌റ്റേഷനായി കോഴിക്കോട് മാറും. ജില്ലയിലൂടെ 74.65 കിലോമീറ്റര്‍ ദൂരത്തിലാണ് സില്‍വര്‍ലൈന്‍ കടന്നുപോകുന്നത്. ഇതില്‍ ആറ് കിലോമീറ്റര്‍ ഭൂഗര്‍ഭപാതയാണ്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാസമയം രണ്ട് മണിക്കൂര്‍ 40 മിനുട്ടായി ചുരുങ്ങും.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പശ്ചാത്തല വികസനവുമായി ബന്ധപ്പെട്ട് വലിയമാറ്റമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഗതിനിശ്ചയിക്കുന്നത് ഏതൊരു നാടിന്റെയും പശ്ചാത്തല സൗകര്യമാണെന്നും മന്ത്രി പറഞ്ഞു. പശ്ചാത്തല സൗകര്യ വികസനവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് ഇതിന്റെ ഭാഗമാണ് സില്‍വര്‍ലൈന്‍ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

2019 ലെ വാഹന രജിസ്‌ട്രേഷന്‍ കണക്കു സൂചിപ്പിക്കുന്നത് കേരളത്തില്‍ മൂന്നിലൊരാള്‍ക്ക് വാഹനമുണ്ടെന്നാണ്. കേരളത്തിലെ വാഹനങ്ങളുടെ നിരക്ക് വികസിത രാജ്യങ്ങളുടേതിന് തുല്യമാണ്. വാഹനപ്പെരുപ്പത്തിനനുസരിച്ച് റോഡുകളും വികസിക്കേണ്ടതുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ജനസാന്ദ്രത ഇതിന് വിലങ്ങുതടിയാണ്. അതിനാല്‍ വാഹനപ്പെരുപ്പത്തെ മറികടക്കാന്‍ സുസ്ഥിരമായ ദീര്‍ഘകാല ബദല്‍ മാര്‍ഗങ്ങള്‍ അനിവാര്യമാണ്. ഇതിന് മികച്ച ബദല്‍ സംവിധാനമാണ് സില്‍വര്‍ലൈനെന്നും റോഡുകള്‍ എത്രതന്നെ നവീകരിച്ചാലും സില്‍വര്‍ലൈന്‍ നല്‍കുന്ന വേഗത ലഭ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ യാഥാര്‍ത്ഥ്യമായാല്‍ കോഴിക്കോട്ടുനിന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ തിരുവനന്തപുരത്ത് എത്താന്‍ സാധിക്കും. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കോഴിക്കോടെ സമസ്ത മേഖലകളിലും ഇതിന്റെ ഉണര്‍വുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കെറെയില്‍ മാനേജിങ് ഡയറക്ടര്‍ വി. അജിത് കുമാര്‍ പദ്ധതി അവതരണം നടത്തി. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, മേയര്‍ ഡോ. ബീന ഫിലിപ്പ്, എം പി മാരായ എളമരം കരീം, ശ്രേയാംസ് കുമാര്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, ടിപി രാമകൃഷ്ണന്‍, പിടിഎ റഹീം, കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, കാനത്തില്‍ ജമീല, ലിന്റോ ജോസഫ്, കലക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി, മതപുരോഹിതര്‍, വിവിധ തുറകളിലുള്ള വികസന തത്പരര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. കെ റെയില്‍ ലാന്റ് അക്യുസിഷന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ സി.എ ലത സ്വാഗതവും ജനറല്‍ മാനേജര്‍ കെ.ജെ. ജോസഫ് നന്ദിയും പറഞ്ഞു.

Tags:    

Similar News