കെ റെയില്‍: സര്‍ക്കാര്‍ ചര്‍ച്ചാ ദിവസം തിരുവനന്തപുരത്ത് സമാന്തര സെമിനാര്‍; ജോസഫ് സി മാത്യു പങ്കെടുക്കും
'സില്‍വര്‍ലൈന്‍ പാരിസ്ഥിതിക സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങള്‍' എന്ന വിഷയത്തില്‍ 'മൂവ്‌മെന്റ് ഫോര്‍ പീപ്പിള്‍സ് ഫ്രണ്ട്‌ലി ഡെവലപ്പ്‌മെന്റ്' ആണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്
തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ ജോസഫ് സി മാത്യൂ പങ്കെടുക്കുന്ന സെമിനാര്‍ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടക്കും. ഏപ്രില്‍ 28 ന് കെ റെയിലില്‍ സര്‍ക്കാര്‍ സംവാദം നടക്കുന്ന അതേ ദിവസമാണ് ജോസഫ് സി മാത്യൂവിനെ പങ്കെടുപ്പിച്ചു 'സില്‍വര്‍ലൈന്‍ പാരിസ്ഥിതിക സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങള്‍' എന്ന വിഷയത്തില്‍ 'മൂവ്‌മെന്റ് ഫോര്‍ പീപ്പിള്‍സ് ഫ്രണ്ട്‌ലി ഡെവലപ്പ്‌മെന്റ്' സെമിനാര്‍ സംഘടിപ്പിക്കുന്നത്.
ബംഗളുരു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ജിയോളജിസ്റ്റ് ഡോ. സിപി രാജേന്ദ്രന്‍ സര്‍ക്കാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പദ്ധതിയെ വിമര്‍ശിക്കുന്ന അലോക് വര്‍മ്മ, ആര്‍ വി ജി മേനോന്‍, ജോസഫ് സി മാത്യൂ എന്നിവരെ പങ്കെടുപ്പിച്ചു കെ റെയില്‍ സംവാദം നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പാനലില്‍ നിന്നും ജോസഫ് മാത്യവിനെ നീക്കി പകരം പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണനെ പാനലില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. രാവിലെ 11 മണിക്കാണ് ഹോട്ടല്‍ താജ് വിവാന്തയില്‍ സര്‍ക്കാര്‍ കെ റെയില്‍ സംവാദ പരിപാടി നടക്കുന്നത്.
ഇതേദിവസമാണ് ജോസഫ് സി മാത്യൂ പങ്കെടുക്കുന്ന സെമിനാര്‍ തിരുവനന്തപുരത്ത് നടക്കുന്നത്. കേരള ദുരന്ത നിവാരണ കേന്ദ്രം മുന്‍ അധ്യക്ഷ ഡോ. കെ ജി താര, മാധ്യമ പ്രവര്‍ത്തക എം സുചിത്ര, കെകെ രമ എംഎല്‍എ, സാമ്പത്തിക വിദഗ്ധന്‍ ഡോ. എം കബീര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ സഹദേവന്‍, സാമൂഹിക ചിന്തകന്‍ പ്രഫ. ശിവപ്രസാദ് എന്നിവരും സെമിനാറില്‍ പങ്കെടുക്കും. സില്‍വര്‍ ലൈന്‍ സംവാദത്തില്‍ പങ്കെടുക്കുന്ന കാണികളെ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡം വേണമെന്നും വിയോജിപ്പുള്ളവരെ കൂടി ക്ഷണിക്കണമെന്നും അഭിപ്രായം അറിയിച്ചതിന് പിന്നാലെയാണ് തന്നെ പാനലില്‍ നിന്നും പുറത്താക്കിയതെന്നായിരുന്നു വിഷയത്തില്‍ ജോസഫ് വി മാത്യൂ പറഞ്ഞിരുന്നു. പല കാരണങ്ങളാല്‍ സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാനത്തിന് വിനാശകരമാണെന്നാണ് വിശ്വസിക്കുന്നത്. ഇത് സര്‍ക്കാരിനെ അറിയിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.