കെ റെയില്‍ സമരം:കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെ 20 പേര്‍ക്കെതിരേ കേസ്;സുധാകരനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി
സമരത്തില്‍ പങ്കെടുത്ത ഇരുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്
കണ്ണൂര്‍: ചാലയിലെ കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെ 20 പേര്‍ക്ക് എതിരേ കേസ്. ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ റിജില്‍ മാക്കുറ്റി, സുദീപ് ജയിംസ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
സമരത്തിന് നേതൃത്വം നല്‍കിയ കെ സുധാരകന്‍ എംപി പ്രതിയാകും എന്നായിരുന്നു ആദ്യഘട്ടത്തിലുണ്ടായ സൂചന. എന്നാല്‍ സുധാകരനെ ഒഴിവാക്കിക്കൊണ്ടുള്ള പ്രതി പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഈ മാസം 20,21 തീയതികളില്‍ ചാല കേന്ദ്രീകരിച്ച് നടന്ന കെ റെയില്‍ വിരുദ്ധ സമരത്തിലാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.ചാല അമ്പലപരിസരത്ത് സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സാന്നിധ്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതെറിയുകയായിരുന്നു.സമരത്തില്‍ പങ്കെടുത്ത ഇരുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
കണ്ണൂര്‍ കോര്‍പ്പറേഷന്റെ 32ാം വാര്‍ഡായ ചാലയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച അമ്പതോളം കുറ്റികളാണ് സുധാകരന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതുമാറ്റിയത്. തുടര്‍ന്ന് കേരളത്തില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
സര്‍വേ കല്ലുകള്‍ സ്ഥാപിച്ചതിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലിസുകാരും കെ റെയില്‍ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെ കെ സുധാകരനും കണ്ണൂര്‍ ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജും സംഘര്‍ഷ സ്ഥലത്തെത്തുകയായിരുന്നു.രാവിലെ സ്വകാര്യ ഭൂമിയില്‍ സ്ഥാപിക്കാനുള്ള സര്‍വേകല്ലുമായി എത്തിയ വാഹനം സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ചാല യുണിറ്റിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. മുദ്രാവാക്യവുമായെത്തിയ സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരും നാട്ടുകാരുമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.തുടര്‍ന്ന് ചാല അമ്പലത്തിന് സമീപം പ്രതിഷേധ യോഗം നടത്തി. പ്രതിഷേധിച്ച മുപ്പതോളം സമരക്കാരെ എടക്കാട് പോലിസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.