കെ റെയില്‍ പ്രതിഷേധം: ഇന്നലെ നടന്നത് അടികിട്ടേണ്ട സമരം; രാഷ്ട്രീയ സമരത്തെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും കോടിയേരി

ഇപ്പോള്‍ നടക്കുന്ന സമരം ഹൈക്കോടതി വിധിക്കെതിരെയുള്ളതാണ്

Update: 2022-03-22 07:25 GMT

തിരുവനന്തപുരം: കെ റെയില്‍ അതിര് കല്ലിടലിനെതിരായ പ്രതിഷേധം സംസ്ഥാനമാകെ ആഞ്ഞടിക്കുന്നതിനിടെ പ്രതിപക്ഷത്തെയും സമരം ചെയ്യുന്ന ജനങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയിലിന്റെ പേരില്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും കോടിയേരി വ്യക്തമാക്കി.

എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ കേരളത്തില്‍ ഒന്നും നടത്താന്‍ സമ്മതിക്കില്ലെന്ന നിലപാടിന്റെ ഭാഗമായി നടക്കുന്ന സമരമാണിത്. ഇന്നലെ നടന്നത് അടി കിട്ടേണ്ട തരത്തിലുള്ള സമരമാണ്. എന്നിരുന്നാലും പോലിസ് സംയമനത്തോടെ സമരക്കാരെ നേരിട്ടു. കെറെയില്‍ സര്‍വ്വേ, ഡിപിആര്‍, പാരിസ്ഥിതിക ആഘാത പഠനം എന്നിവയ്ക്ക് കേന്ദ്രവും ഹൈക്കോടതിയും അനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന സമരം ഹൈക്കോടതി വിധിക്കെതിരായുള്ളതാണ്. ഭൂമി നഷ്ടമാകുന്ന ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. ഓരോ വ്യക്തിക്കും അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കിയതിന് ശേഷം മാത്രമേ ഭൂമിയേറ്റെടുക്കൂ എന്നും കോടിയേരി ആവര്‍ത്തിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുകയാണ് സിപിഎം. രണ്ടാം വിമോചന സമരത്തിനാണ് പ്രതിപക്ഷം കോപ്പ് കൂട്ടുന്നതെന്ന ആരോപണം നേരത്തെ കോടിയേരി ഉന്നയിച്ചിരുന്നു. ചങ്ങനാശ്ശേരി കേന്ദ്രമാക്കിയാണ് വീണ്ടുമൊരു വിമോചന സമരത്തിനുള്ള ആലോചന നടക്കുന്നതെന്നാരോപിച്ച അദ്ദേഹം, 1957-59 കാലമല്ല ഇതെന്നും ഓര്‍മ്മിപ്പിക്കുന്നു. 

Tags:    

Similar News