മലപ്പുറം ജില്ലയില്‍ പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ കെ-റയില്‍ സര്‍വെ കല്ല് സ്ഥാപിച്ചു

Update: 2022-02-23 14:05 GMT

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ കെ-റയിലിന് വേണ്ടിയുള്ള സര്‍വെ കല്ല് സ്ഥാപിക്കല്‍ പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ നടന്നു. ജില്ല അതിര്‍ത്ഥി പ്രദേശമായ വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂര്‍ വില്ലേജിലാണ് ഇന്ന് രാവിലെ യുദ്ധസമാന അന്തരീക്ഷത്തില്‍ കല്ലുകള്‍ സ്ഥാപിച്ചത്. താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹമാണ് കെ-റയില്‍ സര്‍വെ ക്ക് വേണ്ടി എത്തിയത്.

സര്‍വെ കല്ല് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. കിടന്നുറങ്ങാന്‍ ഭൂമിയും വീടുമില്ലാത്ത നാട്ടില്‍ കെ-റെയില്‍ വേണ്ട എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. എന്നാല്‍ എല്ലായിടത്തും ഇരകള്‍ രംഗത്ത് വരാറുണ്ടെങ്കിലും ഇവിടെ ഭൂമി നഷ്ടപെടുന്ന ഒരാള്‍ പോലും പ്രതിഷേധത്തിനിറങ്ങിയില്ല.

സര്‍വെ ഉദ്യോഗസ്ഥര്‍ വരുന്നതിന്മുന്‍പ് തന്നെ ഇരകളാവുന്ന സ്ഥല ഉടമസ്ഥരെ ഭരണകക്ഷിയില്‍ പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെന്ന് കണ്ട് സമ്മര്‍ദത്തിലാക്കിയതാണ് ഇരകള്‍ രംഗത്തിറങ്ങാന്‍ വിസ്സമതിച്ചെതെന്ന് യുഡിഎഫ് ആരോപിച്ചു.

നാളെ ബാക്കി സ്ഥലങ്ങളിലും കല്ലിടല്‍ പ്രവര്‍ത്തി നടക്കും. മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് ഇനി സര്‍വെ അടയാളപെടുത്തല്‍ പ്രവര്‍ത്തി നടക്കാനുള്ളത്. സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഇരകള്‍ പ്രതിഷേധം ഉയര്‍ത്താതിരിക്കാന്‍ വ്യാപക പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ മറ്റിടങ്ങളില്‍ പ്രതിഷേധം ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News