കെ റെയില്‍ പ്രചാരണവുമായി സര്‍ക്കാര്‍; തയ്യാറാക്കുന്നത് 50 ലക്ഷം കൈപ്പുസ്തകം
തിരുവനന്തപുരം: കെ റെയില്‍ പ്രചാരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ വന്‍ പദ്ധതി തയ്യാറാക്കുന്നു. കെ റെയിലിനെ സംബന്ധിച്ച് സമ്പൂര്‍ണ വിവിരങ്ങളടങ്ങിയ കൈ പുസ്തകം തയ്യാറാക്കി ആളുകളിലെത്തിക്കാനാണ് ശ്രമം. പൗര പ്രമുഖരുമായുള്ള ചര്‍ച്ചയ്ക്കും പൊതു യോഗങ്ങള്‍ക്കും ശേഷമാണ് ഇത്തരത്തിലുള്ള പ്രചാരണ പരിപാടിക്ക് തയാറെടുക്കുന്നത്. ഇതിനായി 50ലക്ഷം കൈപ്പുസ്തകമാണ് സര്‍ക്കാര്‍ തയാറാക്കുന്നത്. കൈപ്പുസ്തകം പ്രിന്റ് ചെയ്യുന്നതിന് സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. ബോധവത്കരണത്തിനായി ലഘുലേഖകളും തയാറാക്കും.
നേരത്തെ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങിയിരുന്നു. പൗര പ്രമുഖരുടെ യോഗം വിളിച്ചു. പൊതു യോഗങ്ങള്‍ ജില്ലകളില്‍ വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. എതിര്‍പ്പു കണ്ട് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരുന്നു. അതിരടയാളക്കല്ലുകള്‍ പിഴുതെറിയുമെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണം. കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.