ഇരകളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നിഷേധിച്ചു; സുപ്രീംകോടതി ഉത്തരവ് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നുവെന്നും കെ റെയില്‍ വിരുദ്ധ സമിതി

സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കെ റെയില്‍ വിരുദ്ധ സമിതി

Update: 2022-03-28 12:51 GMT

തിരുവനവന്തപുരം: ആശാസ്ത്രിയവും അനാവശ്യവുമായ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ അവസരം നിഷേധിച്ച സുപ്രീംകോടതി ഉത്തരവ് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതാണെന്ന് കെ റയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി.

സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായുള്ള സര്‍വ്വേ നടത്തുന്നതിന് തടസ്സം നില്‍ക്കാനാവില്ലന്ന പരാമര്‍ശത്തോടെ അപ്പീല്‍ തള്ളിയ സുപ്രീംകോടതി വിധി, പദ്ധതിയുടെ പേരില്‍ കുടി ഒഴിപ്പിക്കപ്പെടുന്നവരുടെ ആശങ്കകള്‍ വേണ്ട രീതിയില്‍ അപഗ്രഥിച്ചില്ലെന്ന് സമരസമിതി വിലയിരുത്തുന്നു.

കേരളമെന്ന അതീവ പരിസ്ഥിതി ലോലമായ ഈ നാട് കൊടിയ പ്രളയവും മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും കൊണ്ട് ദുരിതത്തിലാണ്. പരിസ്ഥിതിക്കും ആവാസവ്യവസ്ഥക്കും മേല്‍ വലിയ ആഘാതം സൃഷ്ടിക്കുന്നതാണ് നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി.

ഈ നാടിനെ സ്‌നേഹിക്കുന്ന ഒരാള്‍ക്കും ഇത്തരമൊരു നിര്‍മ്മാണം അനുവദിക്കാന്‍ കഴിയുകയില്ല. സില്‍വര്‍ ലൈന്‍പദ്ധതി മൂലം ഇരുപതിനായിരത്തിലേറെ കുടുംബങ്ങള്‍ അനാഥമാക്കപ്പെടും. വമ്പിച്ച കടക്കെണിയില്‍ മുങ്ങി നില്‍ക്കുന്ന നാടിനെ, സമൂഹത്തിലെ ചെറിയ ഒരു വിഭാഗം വരേണ്യ വര്‍ഗ്ഗത്തിന് യാത്രാ സൗകര്യമൊരുക്കാന്‍ വേണ്ടി വീണ്ടും മറ്റൊരു രണ്ട് ലക്ഷം കോടിക്ക് കടപ്പെടുത്തുന്നത് അനുവദിക്കാനാകില്ല.

ജനേച്ഛ കണക്കിലെടുക്കാതെയുള്ള കോടതി വിധികള്‍ ജനാധിപത്യ സംവിധാനത്തിന് അനുഗുണമല്ലെന്ന് സമര സമിതി വിലയിരുത്തുന്നതായി സമിതി വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു. അതിനാല്‍ സില്‍വര്‍ ലൈനെന്ന ഈ വിനാശ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായി തുടരും.

സാമൂഹികാഘാത പഠനത്തിനെന്ന പേരില്‍ സ്വകാര്യ ഭൂമിയില്‍ അതിക്രമിച്ച് കയറി കല്ലിടുന്നത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥകളുടെ ലംഘനമാണ്. റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമല്ല കല്ലിടുന്നതെന്ന് റവന്യൂ മന്ത്രി ഇതിനകം വെളിപ്പെടുത്തിക്കഴിഞ്ഞു. ഗൂഢ നീക്കങ്ങളിലൂടെ പിന്‍വാതിലിലൂടെ കടന്നുവന്ന പദ്ധതിയെ സംബന്ധിച്ച് സംശയങ്ങളും അവ്യക്തതകളും വര്‍ധിപ്പിക്കുന്ന തരത്തിലാണ് സര്‍ക്കാരും കെ റെയില്‍ കോര്‍പറേഷനും തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തുന്നത്. സ്ഥലം ഏറ്റെടുത്തു കഴിഞ്ഞെന്നു വരുത്തി എത്രയും വേഗം വിദേശ വായ്പ നേടിയെടുക്കാനാണ് നിയമം ലംഘിച്ചു കല്ലിടുന്നതെന്നു ഓരോ ദിവസം കഴിയുന്തോറും വ്യക്തമാകുകയാണ്. കേരള ജനതയുടെ നിലനില്‍പ്പിനെയും ആവാസ വ്യവസ്ഥയെയും ചോദ്യം ചെയ്യുന്ന ഈ പദ്ധതിക്കെതിരെ ശക്തമായ ജനകീയ പോരാട്ടവുമായി സമിതി മുന്നോട്ടു പോകും.

ജനങ്ങളുടെ ജനാധിപത്യ പ്രബുദ്ധതയിലും സമാധാനപരമായ ചെറുത്തുനില്‍പ്പിന്റെ മാര്‍ഗം മാത്രമാണ് സമിതി ഇതുവരെ അനുവര്‍ത്തിച്ചു പോന്നത്. ഈ മാര്‍ഗത്തില്‍ ജനങ്ങള്‍ വിജയിക്കുമെന്ന് ഉറപ്പു നല്‍കുന്നതാണ് സമീപകാല കര്‍ഷക സമരത്തിന്റെ അനുഭവങ്ങള്‍ തെളിയിക്കുന്നത്. കെ റയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ഒരു നിയമ യുദ്ധത്തിലും നേരിട്ട് കക്ഷിയല്ല. അതുകൊണ്ടുതന്നെ ജനദ്രോഹപരമായ ഇത്തരം വിധികള്‍ പാലിക്കാന്‍ കേരള ജനത ബാധ്യസ്ഥരല്ലെന്ന് കൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു. 

Tags:    

Similar News