ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഎമ്മിനെ നിലപാട് അറിയിക്കും; കെറെയില്‍ പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിടണമെന്നും സിപിഐ
പദ്ധതി സംബന്ധിച്ച് ജനങ്ങളുമായി ചര്‍ച്ചചെയ്യാതെ മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തും വിമര്‍ശിച്ചിരുന്നു
തിരുവനന്തപുരം: കെറെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദമായ രൂപരേഖ പുറത്തുവിടണമെന്നാവിശ്യപ്പെട്ട് സിപിഐ. ഇതു സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഎമ്മിനെ നിലപാട് അറിയിക്കും. പദ്ധതിയെക്കുറിച്ച് സിപിഐക്കുള്ളില്‍ ഉയര്‍ന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീരുമാനം. ഡിപിആര്‍ കണ്ട ശേഷമായിരിക്കും പദ്ധതിയെക്കുറിച്ചുളള നിലപാട് കൂടുതല്‍ വ്യക്തമാക്കുകയെന്നും സിപിഐ വ്യക്തമാക്കി. അതുവരെ കെറെയില്‍ പദ്ധതിയെ എതിര്‍ക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന പദ്ധതിയാണ് കെറെയില്‍ എന്നായിരുന്നു സിപിഐയുടെ നിലപാട്. എന്നാല്‍ കഴിഞ്ഞാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലില്‍ കെ റെയിലില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. മുന്‍ മന്ത്രി വിഎസ് സുനില്‍കുമാര്‍ വരെ പദ്ധതിക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിടണമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെടും. ജനങ്ങളുടെ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനുണ്ടെന്ന് സി ദിവാകരന്‍ പറഞ്ഞു.
ജനങ്ങളുമായ ചര്‍ച്ചചെയ്യാതെ മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്
കെ റെയില്‍ പദ്ധതി സംബന്ധിച്ച് ജനങ്ങളുമായി ചര്‍ച്ചചെയ്യാതെ മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വിമര്‍ശിച്ചു. പരിഷത്തിന്റെ ആശങ്കകള്‍ പരിഹരിക്കുമെന്ന് കോടിയേരി ഉറപ്പ് നല്‍കുമ്പോഴാണ് തുടര്‍ വിമര്‍ശനങ്ങള്‍.
കെറെയില്‍ പദ്ധതി ഇടത് സംഘടനയായ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉയര്‍ത്തുന്ന വിയോജിപ്പുകള്‍ പരിശോധിക്കുമെന്നും ആശങ്കകള്‍ ദുരീകരിച്ച് മുന്നോട്ട് പോകുമെന്നും വ്യാഴാഴ്ച കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് പരിഷത്ത്. കെ റെയില്‍ പദ്ധതിക്കെതിരെ പാരിസ്ഥിതികമായി മാത്രമല്ല സാമ്പത്തികമായും സാമൂഹികമായും എല്ലാം എതിര്‍പ്പുകള്‍ ഉന്നയിക്കുകയാണ് പരിഷത്ത്.
ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് കെറെയില്‍ വിരുദ്ധ പ്രതിഷേധം പ്രതിപക്ഷം ശക്തമാക്കുമ്പോഴാണ് ഇന്ധനം പകര്‍ന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വിമര്‍ശനം. കെ റെയില്‍ സമ്പന്നരുടെ പദ്ധതിയെന്നാണ് പരിഷത്തിന്റെ വിമര്‍ശനം. പിന്നില്‍ 10,000കോടിയിലേറെ റിയല്‍ എസ്‌റ്റേറ്റ് താത്പര്യങ്ങളുമുണ്ടെന്ന് വാര്‍ത്താക്കുറിപ്പില്‍ സംഘടന ആരോപിച്ചിട്ടുണ്ട്.
പരിസ്ഥിതി ആഘാത റിപോര്‍ട്ടും,വിശദമായ പദ്ധതി രേഖയും ജനങ്ങളുമായി ചര്‍ച്ചചെയ്യാതെ അതിര്‍ത്തി തിരിക്കുന്ന സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ ജനാധിപത്യ വിരുദ്ധമാണെന്ന് വിമര്‍ശിക്കുന്നതിലൂടെ സര്‍ക്കാരിന്റെ വികസന നയത്തില്‍ തന്നെ ചോദ്യമുയര്‍ത്തുന്നു. പദ്ധതി ചെലവ് ഒരുലക്ഷം കവിയുമെന്ന് യുഡിഎഫ് വിമര്‍ശനവും പരിഷത്ത് ഏറ്റുപറയുന്നുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിയെ സിപിഐ നേതൃത്വം പിന്തുണക്കുമ്പോഴും സിപിഐക്കുള്ളിലെ ഭിന്നതകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പരിഷത്തും ചുവപ്പ് കൊടി ഉയര്‍ത്തുന്നത്.