ഇരിക്കുന്നിടം കുഴിക്കാന്‍ ആരെയും അനുവദിക്കില്ല; ശശിതരൂര്‍ പാര്‍ട്ടിയോടൊപ്പം ഒതുങ്ങി നില്‍ക്കണമെന്നും കെ സുധാകരന്‍

ബുള്ളറ്റ് ട്രെയിനിനെ എതിര്‍ത്ത യെച്ചൂരിയുടെ പാര്‍ട്ടിയാണ് കെ റെയിലുമായി വരുന്നത്. വികസനത്തിന് വേണ്ടത് വാശിയല്ല, പ്രായോഗിക ബുദ്ധിയാണ്

Update: 2021-12-18 06:41 GMT

തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ ശശിതരൂര്‍ പാര്‍ട്ടിയോടൊപ്പം ഒതുങ്ങി നില്‍ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇരിക്കുന്നിടം കുഴിക്കാന്‍ ആരെയും അനുവദിക്കില്ല. ശശി തരൂര്‍ എം.പിയുടെ അഭിപ്രായത്തെ കുറിച്ച് പാര്‍ട്ടി അദ്ദേഹത്തിനോട് വിശദീകരണം തേടും. തരൂര്‍ എന്ന വ്യക്തിയെയും എം.പിയെയും ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ട്. പക്ഷേ ഇരുന്നിടം കുഴിക്കാന്‍ അനുവദിക്കില്ല. അതിനകത്തുള്ള അര്‍ഥം നിങ്ങള്‍ക്ക് ഊഹിച്ചെടുക്കാമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പദ്ധതിയെ കുറിച്ച് വ്യത്യസ്ത നിലപാട് പാര്‍ട്ടിക്കകത്തുണ്ട്. അങ്ങനെ അഭിപ്രായ വ്യത്യാസമുള്ളവര്‍ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കണം. പഠിച്ചിട്ട് തന്നെയാണ് പാര്‍ട്ടിയും നിലപാട് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹിത പരിശോധന നടത്തണം. ജനമനസ്സ് തൊട്ടറിയാന്‍ മുഖ്യമന്ത്രി തയ്യാറാകണം. പദ്ധതിക്ക് പോരായ്മയില്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായെത്തിയിരുന്നു. വികസനമാണെങ്കില്‍ ജനസമൂഹത്തിന്റെ വികസനമായിരിക്കണം. വലിയ വികസന പദ്ധതികളെ എതിര്‍ത്തവരാണ് സി.പി.എമ്മുകാര്‍. ബുള്ളറ്റ് ട്രെയിനിനെ എതിര്‍ത്ത യെച്ചൂരിയുടെ പാര്‍ട്ടിയാണ് കെ റെയിലുമായി വരുന്നത്. വികസനത്തിന് വേണ്ടത് വാശിയല്ല, പ്രായോഗിക ബുദ്ധിയാണ്. ഇതാണ് മുഖ്യമന്ത്രിയോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിലിലും ബന്ധുനിയമം നടക്കുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേയിലെ ജൂനിയര്‍ ഉദ്യോഗസ്ഥയായ ബ്രിട്ടാസിന്റെ ഭാര്യയാണ് ജനറല്‍ മാനേജര്‍. വ്യാജ ഡിപിആര്‍ തയാറാക്കിയാണ് പദ്ധതിക്ക് തറക്കല്ലിടുന്നതെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News