കോണ്‍ഗ്രസിന്റെ സമരവീരസ്യം കോടിയേരി കാണാന്‍ പോകുവെന്ന് കെ സുധാകരന്‍

കെ റെയിലിനെതിരേയുള്ള കോണ്‍ഗ്രസിന്റെ സമരത്തിന് ഊര്‍ജ്ജം പകര്‍ന്ന് മുഖ്യമന്ത്രിയെ വെട്ടിലാക്കാനാണ് കോടിയേരി ശ്രമിക്കുന്നതെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു

Update: 2022-01-06 14:14 GMT

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരേ യുദ്ധം ചെയ്യാനുള്ള കെല്‍പ്പ് കോണ്‍ഗ്രസിനില്ലെന്നും വീരസ്യം പറയാനേ കോണ്‍ഗ്രസിനു കഴിയൂ എന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കോണ്‍ഗ്രസിനെ ശരിക്ക് അറിയാത്തതുകൊണ്ടും പോലിസിലുള്ള അന്ധമായ വിശ്വാസം കൊണ്ടാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

കെ റെയിലിനെതിരേയുള്ള കോണ്‍ഗ്രസിന്റെ സമരത്തിന് ഊര്‍ജ്ജം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കാനാണ് കോടിയേരി ശ്രമിക്കുന്നതെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു.

കോണ്‍ഗ്രസ് വേണ്ടെന്ന് പറഞ്ഞ ഒരു ജനവിരുദ്ധ പദ്ധതിയും കേരളത്തില്‍ നടപ്പാക്കാനാവില്ല. അത് ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്പാര്‍ട്ടിക്ക് അറിയാം. പോലിസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചൊതുക്കാം എന്നൊക്കെയുള്ളത് ദിവാസ്വപ്നമാണ്. കെ റെയില്‍ സമരത്തിനു പിന്നില്‍ അണിനിരക്കുന്നത് ജനലക്ഷങ്ങളാണ്. കേരളത്തെ തന്നെ ഇല്ലാതാക്കാന്‍ പോകുന്ന ഒരു പദ്ധതിക്കെതിരേ ജനരോഷം ആര്‍ത്തിരമ്പുമ്പോള്‍ കോടിയേരിക്ക് സ്വന്തം വാക്കുകള്‍ വിഴുങ്ങേണ്ടി വരും.

സ്പ്രിന്‍ക്ലര്‍ കരാര്‍, ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് നല്കിയ കരാര്‍, പോലിസ് നിയമഭേദഗതി, മന്ത്രി കെടി ജലീലിന്റെ മാര്‍ക്കുദാനവും ബന്ധുനിയമനവും മന്ത്രി ഇപി ജയരാജന്റെ ബന്ധുനിയമനം, ബ്രൂവറിയും ഡിസ്റ്റലറിയും അനുവദിക്കല്‍, പമ്പമണല്‍കടത്ത് തുടങ്ങിയവ പിണറായി സര്‍ക്കാര്‍ പിന്‍വലിച്ചത് കോണ്‍ഗ്രസിന്റെ സമരവീരസ്യംകൊണ്ടാണെന്ന് കോടിയേരി മറക്കരുത്.

ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ച ഒരു പാര്‍ട്ടിയുടെ ഇളമുറക്കാരാണ് ഞങ്ങള്‍. തീക്ഷ്ണമായ പോരാട്ടങ്ങളിലൂടെയാണ് കോണ്‍ഗ്രസ് ജനങ്ങളുടെ പ്രസ്ഥാനമായി മാറിയത്. ഒരണ സമരം നടത്തി ഇഎംഎസിനെ ഈയംപൂശി ഈയലുപോലെ പറപ്പിച്ച കെഎസ് യുവിന്റെ സമര പാരമ്പര്യമാണ് കോണ്‍ഗ്രസുകാരുടെ സിരകളിലൊഴുകുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News