കഴക്കൂട്ടം കരിച്ചാറയിലെ പോലിസ് അതിക്രമം: വെള്ളിയാഴ്ച സംസ്ഥാന വ്യാപകപ്രതിഷേധമെന്ന് കെ റെയില്‍ വിരുദ്ധസമിതി

സില്‍വര്‍ ലൈനിന്റെ പേരിലുള്ള സര്‍വ്വേ നിര്‍ത്തിവയ്ക്കുക, അതിക്രമം കാണിച്ച പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം

Update: 2022-04-21 11:36 GMT

തിരുവനന്തപുരം: ജനങ്ങളുടെ സമാധാനപരമായ പ്രതിഷേധത്തിനുനേരെ പോലിസിനെ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സംസ്ഥാന കെ റയില്‍സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി. ഇന്ന് കണിയാപുരം കരിച്ചാറയില്‍ കെ റയില്‍ കല്ലിടലിന് കാവല്‍ നില്‍ക്കാനെത്തിയ പോലിസുകാര്‍ നിരായുധരായ സമര പ്രവര്‍ത്തകരെ മന:പൂര്‍വ്വം ബൂട്‌സിന് ചവിട്ടി വീഴ്ത്തുകയും മൂന്നാം മുറ പ്രയോഗിക്കുകയും ചെയ്തു. പരിക്കേറ്റ ജോയ്, സുജി തുടങ്ങിയ പ്രദേശവാസികള്‍ ആശുപത്രിയിലാണ്. ലാത്തി ഉപയോഗിക്കാതെയും മറ്റാരുടെയും ശ്രദ്ധയില്‍ പെടാതെയും ആക്രമിക്കുക എന്നത് ആസൂത്രിത നീക്കമായിരുന്നു.

കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും സില്‍വര്‍ ലൈന്‍ പദ്ധതി വേണ്ട എന്ന് ഒറ്റക്കെട്ടായി അഭിപ്രായപ്പെടുമ്പോഴും സ്വകാര്യ മേഖലയ്ക്കായി ജനങ്ങളെ ആക്രമിച്ച് കുടിയിറക്കി മുന്നോട്ട് പോകുമെന്ന സര്‍ക്കാര്‍ നിലപാട് ജനാധിപത്യത്തിന് നിരക്കുന്നതല്ല.

റമദാന്‍ പുണ്യമാസത്തില്‍ അതിപുരാതന മുസ്‌ലിം ദേവാലയമായ കരിച്ചാറ പള്ളിയുടെ സമീപത്ത് കല്ലിടാനുള്ള തീരുമാനം നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണ്. ഒരു മനുഷ്യായുസ് മുഴുവനും അധ്വാനിച്ചു ഉണ്ടാക്കിയതും തങ്ങളുടെ ആരാധനാ കേന്ദ്രങ്ങളും നഷ്‌പ്പെടുമ്പോള്‍ ഉണ്ടാകാവുന്ന സമാധാനപരമായ പ്രതികരണത്തെ ഇത്തരം കിരാതനടപടികള്‍ കൊണ്ട് നേരിടാനാണ് ഉദ്ദേശമെങ്കില്‍ അതിനെ എന്തു വിലകൊടുത്തും ചെറുക്കും.

സില്‍വര്‍ ലൈനിന്റെ പേരില്‍ നടത്തുന്ന സര്‍വ്വേ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നിറുത്തിവയ്ക്കുക, അതിക്രമം കാണിച്ച പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തി ഉടന്‍ ശിക്ഷാനടപടികള്‍ കൈക്കൊള്ളുക എന്നീ ആവശ്യങ്ങളുന്നയിച്ച് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനം ഉള്‍പ്പടെയുള്ള പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതി അറിയിച്ചു. 

Tags:    

Similar News