വലിയ വിമാനങ്ങൾ പിൻവലിക്കൽ: കരിപ്പൂരിൽ പ്രതിഷേധം ശക്തം
എയർഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് വ്യോമായാന മന്ത്രാലയം വലിയ വിമാനങ്ങളുടെ സർവീസ് താത്കാലികമായി പിൻവലിച്ചത്.
കൊണ്ടോട്ടി: കരിപ്പൂർ വിമാനാപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾക്കുളള അനുമതി നിർത്തലാക്കിയതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. വലിയ വിമാനങ്ങൾക്കുളള അനുമതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തി. ഏഴിന് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന കരിപ്പൂർ ഉപദേശക സമിതിയോഗം പ്രശ്നം ചർച്ച ചെയ്യും. എയർഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് വ്യോമായാന മന്ത്രാലയം വലിയ വിമാനങ്ങളുടെ സർവീസ് താത്കാലികമായി പിൻവലിച്ചത്.
ഇതോടെ സൗദി എയർലൈൻസ്, എയർഇന്ത്യയുടെ ജംബോ വിമാനങ്ങളുടെ സർവീസുകൾക്ക് തിരിച്ചടിയായി. വലിയ വിമാനങ്ങളുടെ പിന്മാറ്റം ഹജ്ജ് സർവീസുകൾക്കും തിരിച്ചടിയാകും. വിദേശ രാജ്യങ്ങളിൽ നിന്നുളള വിമാനങ്ങൾക്ക് സൗദി നിയന്ത്രണങ്ങൾ പിൻവലിച്ചുവരികയാണ്.
ഇതോടെ വരും വർഷം ഹജ്ജ് സർവീസുകൾക്ക് സാധ്യതയേറി. എന്നാൽ ഹജ്ജ് ടെൻഡർ നടപടികൾ ജനുവരിയിൽ നടത്തേണ്ടതായി വരും. അതേ സമയം കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മലബാർ ഡവലപ്മെന്റ് ഫോറം പ്രധാനമന്ത്രി നരേന്ദ്ര മോദി , വ്യോമയാന മന്ത്രി ഹർ ദീപ് സിംഗ് പുരി, വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, വ്യോമയാന വകുപ്പ് സെക്രട്ടറി പ്രദീപ് സിംഗ് കരോള, വ്യോമായാന വകുപ്പിന്റെ പാർലിമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വെങ്കടേഷ് എംപി തുടങ്ങിയവർക്ക് നിവേദനം നൽകി.