കരിപ്പൂര്‍ വിമാനദുരന്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി

Update: 2020-08-15 15:29 GMT

കൊച്ചി: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹരജി. കരിപ്പൂരില്‍ 18 പേരുടെ മരണത്തിനു കാരണമായ ദുരന്തത്തില്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് യശ്വന്ത് ഷെണോയ് ആണ് കോടതിയെ സമീപിച്ചത്. 2010 മെയ് 22ന് മംഗലാപുരത്ത് നടന്ന അതേ മട്ടിലുളള വിമാനദുരന്തമാണ് കരിപ്പൂരിലും ഉണ്ടായതെന്നും ഇത്തരം സാധ്യതകളെ കുറിച്ചുള്ള മുന്നറിയിപ്പുകളൊന്നും അധികാരികള്‍ പരിഗണിച്ചില്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

കരിപ്പൂരിലെ മാത്രമല്ല, വിവധ വിമാനത്താവളങ്ങളിലെ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അന്നത്തെ പ്രധാനമന്ത്രിക്കും സുപ്രിം കോടതി ചീഫ് ജസ്റ്റിസിനും അയച്ച ഇമെയില്‍ സന്ദേശവും ഹരജിക്കാന്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. അധികാരികള്‍ വളരെ കാലമായി വ്യോമയാന മേഖലയിലെ മുന്നറിയിപ്പുകള്‍ അവഗണിക്കുകയാണെന്നാണ് ആക്ഷേപം.

കേന്ദ്ര സര്‍ക്കാര്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ആവിയേഷന്‍, എയര്‍ ഇന്ത്യ, എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തുടങ്ങിയവരെയാണ് കക്ഷി ചേര്‍ത്തിരിക്കുന്നത്.

കോഴിക്കോട് വിമാനത്താവളത്തില്‍ മാത്രമല്ല, രാജ്യത്തെ പല എയര്‍പോര്‍ട്ടുകളിലും അന്താരാഷ്ട്ര സിവില്‍ ആവിയേഷന്‍ ഓര്‍ഗനൈസേഷന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സുരക്ഷാനടപടികള്‍ സ്വാകരിക്കുന്നില്ല. പല നിര്‍ദേശങ്ങളും അവഗണിക്കുന്നു. അഴിമതിയും മറ്റ് കാരണങ്ങളാലും വ്യോമമേഖല അപകടത്തിലാണെന്നും ഹരജിക്കാരന്‍ പറഞ്ഞു.

നിലവില്‍ അന്വേഷണ സംഘത്തിലെ ജസ്ബീര്‍ സിങ്ങ് ലാര്‍ഹ്ഗയെ പാനലില്‍ നിന്ന് മാറ്റണമെന്നാണ് മറ്റൊരു ആവശ്യം. അദ്ദേഹം ഇക്കാര്യത്തില്‍ യോഗ്യനല്ലെന്നും ഗട്ട്‌കോപ്പല്‍ വിമാനദുരന്തത്തെ കുറിച്ചുളള അന്വേഷണത്തില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ സംശയാസ്പദമായിരുന്നെന്നും അതിനാല്‍ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ഹരജിയില്‍ പറയുന്നു.

വിമാനദുരന്തത്തെക്കുറിച്ച് ലോക്കല്‍ പോലിസിന് അന്വേഷിക്കുന്നതില്‍ പരിമിതികളുണ്ട്. കോഴിക്കോടിനു പുറത്തുള്ള പല ഓഫിസുകളിലേക്കും അന്വേഷണം വ്യാപിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. മാത്രമല്ല, ഇത് വളരെയേറെ സങ്കീര്‍ണതകളുളള കേസുമാണ്- ഹരജിയില്‍ പറയുന്നു. 

Tags:    

Similar News