കര്‍ണാടക പത്താം ക്ലാസ് പരീക്ഷ ഇന്ന് തുടങ്ങി; പരീക്ഷാകേന്ദ്രങ്ങള്‍ക്കു മുന്നില്‍ നിരോധനാജ്ഞ
ബെംഗളൂരു; ഹിജാബ് നിരോധനത്തിനിടയില്‍, കര്‍ണാടകയിലെ പത്താം ക്ലാസ് പരീക്ഷകള്‍ ആരംഭിച്ചു. ഇന്ന് ഒന്നാം ഭാഷാ പരീക്ഷയാണ് നടക്കുന്നത്.
ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. 3,440 കേന്ദ്രങ്ങളില്‍ 40,000 ക്ലാസ് മുറികളിലായി 8.76 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷ എഴുതാത്തവര്‍ക്ക് പുനപ്പരീക്ഷയുണ്ടാവില്ലെന്ന് മന്ത്രി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
സ്‌കൂള്‍ഡ് ഡെവലപ്‌മെന്റ് മോണിറ്ററിങ് കമ്മിറ്റി (എസ്ഡിഎംസി) നിര്‍ദേശിച്ച യൂനിഫോം അനുസരിച്ചവരെ മാത്രമേ പ്രവേശിപ്പിച്ചിട്ടുള്ളൂ. സ്‌കൂള്‍ യൂനിഫോമിന്റെ ഭാഗമാണെങ്കില്‍ പരീക്ഷാ ഹാളില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുവാദമുണ്ടെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു. അത്തരം സ്‌കൂളുകളില്‍ അത് അനുവദിച്ചിട്ടുണ്ട്.
ഹിജാബ് ധരിക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഉഡുപ്പിയിലെ ഒരു കോളേജിലെ നിരവധി മുസ് ലിം പെണ്‍കുട്ടികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിക്കുകയും പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് 15ന്, ഹരജി സമര്‍പ്പിച്ചു. ഹിജാബ് ധരിക്കുന്നത് ഇസ് ലാമില്‍ അനിവാര്യമായ മതാചാരമല്ലെന്നായിരുന്നു കോടതിയുടെ വിധി.