കരുവന്നൂരില്‍ നടന്നത് 104 കോടിയുടെ തട്ടിപ്പ്; ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം തിരികെ നല്‍കിയെന്നും മന്ത്രി
ജൂണ്‍ 28ന് പണം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് നല്‍കാന്‍ കഴിയാതിരുന്നത്
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കില്‍ നടന്നത് 104 കോടിയുടെ തട്ടിപ്പെന്ന് മന്ത്രി വിഎന്‍ വാസവന്‍. 38.75 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കി. ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം തിരികെ നല്‍കിയെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ 28 ന് പണം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് നല്‍കാന്‍ കഴിയാതിരുന്നത്. ഇത് സംബന്ധിച്ച് ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഈ റിപോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കും. ജീവനക്കാര്‍ മോശമായി പെരുമാറി എന്ന പരാതിയില്‍ സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. ഇത് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരുടെ പണം മടക്കി നല്‍കാന്‍ കേരളാ ബാങ്കിന് തടസ്സമുണ്ടെന്ന് വൈസ് ചെയര്‍മാന്‍ എം കെ കണ്ണന്‍ പറഞ്ഞു. മറ്റ് സഹകരണ ബാങ്കുകളില്‍ നിന്ന് പണം സമാഹരിച്ച് താത്കാലിക പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് കേരളാ ബാങ്ക് പറയുമ്പൊഴും ഓണത്തിന് മുമ്പ് നടക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. അതിനിടെ നിക്ഷേപകര്‍ക്കൊപ്പമാണ് താനെന്നും പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടെന്നും മന്ത്രി ആര്‍ ബിന്ദു വിശദീകരിച്ചു. പണം തിരികെ നല്‍കുന്നതില്‍ സര്‍ക്കാരിന് വേഗം പോരെന്ന കുറ്റപ്പെടുത്തലുമായി സിപിഐയും രംഗത്തെത്തി.