ഓണ്‍ലൈന്‍ പോസ്റ്റ് ദേശവിരുദ്ധമെന്ന് ആരോപിച്ച് കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു
'ദ കശ്മീര്‍ വാല' ന്യൂസ് പോര്‍ട്ടലിന്റെ എഡിറ്റര്‍ ഫഹദ് ഷാ ആണ് അറസ്റ്റിലായത്
ശ്രീനഗര്‍: ദേശവിരുദ്ധ ഉള്ളടക്കം പങ്കുവെച്ചെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകനെ ജമ്മു കശ്മീര്‍ പോലിസ് അറസ്റ്റ് ചെയ്തു. 'ദ കശ്മീര്‍ വാല' ന്യൂസ് പോര്‍ട്ടലിന്റെ എഡിറ്റര്‍ ഫഹദ് ഷാ ആണ് അറസ്റ്റിലായത്.തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും നിയമപാലന സംവിധാനത്തിന് തടസ്സം വരുത്തുന്ന തരത്തില്‍ സാധാരണ ജനങ്ങളില്‍ ഭയം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഫഹദ് ഷായുടെ പോസ്റ്റുകളെന്ന് പോലിസ് പ്രസ്താവനയില്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഫഹദ് ഷാ അറസ്റ്റിലായതെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് പറഞ്ഞു.
ഫെബ്രുവരി ഒന്ന് ഫഹദ് ഷായെ പോലിസ് ചോദ്യംചെയ്യലിനായി വിളിപ്പിച്ചിരുന്നു. വെള്ളിയാഴ്ച മൊഴി രേഖപ്പെടുത്താനുണ്ടെന്ന് അറിയിച്ച് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റില്‍ രൂക്ഷമായ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രംഗത്തെത്തി. 'സത്യത്തിനുവേണ്ടി നിലകൊള്ളുന്നത് ദേശവിരുദ്ധമായി കണക്കാക്കപ്പെടുകയാണ്. അസഹിഷ്ണുതയും സ്വേച്ഛാധിപത്യവും നിറഞ്ഞ ഒരു സര്‍ക്കാറിനെ തുറന്നുകാട്ടുന്നതും ദേശവിരുദ്ധതയായി മാറിയിരിക്കുന്നു. ഭരണകൂടത്തിന് അസ്വീകാര്യമായ യാഥാര്‍ഥ്യങ്ങളെയാണ് ഫഹദ് പത്രപ്രവര്‍ത്തനത്തിലൂടെ തുറന്നുകാട്ടിയത്.എത്ര ഫഹദുമാരെ നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാനാകുമെന്നും മെഹ്ബൂബ മുഫ്തി ട്വീറ്ററില്‍ കുറിച്ചു.