കാഴ്ചയുടെ വസന്തമൊരുക്കി ചെന്തുരുത്തി ഫയര്‍ സ്‌റ്റേഷന് പിന്‍വശത്തെ തോട്ടില്‍ കവര് പൂത്തു

എന്നാല്‍ ബാക്ടീരിയ, ഫങ്കസ്, ആല്‍ഗേ പോലെയുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന (ബയോലുമിന്‍സെന്‍സ്) പ്രതിഭാസമാണിത്.

Update: 2021-03-20 14:35 GMT

മാള: മാള പള്ളിപ്പുറം ചെന്തുരുത്തി ഫയര്‍ സ്‌റ്റേഷന് പിന്‍വശത്തുള്ള തോട്ടില്‍ കവര് പൂത്തു. മാള സ്വദേശി ഷാന്റി ജോസഫ് തട്ടകത്തിന്റെ ഉടമസ്ഥയിലുള്ള സ്ഥലത്തെ തോട്ടിലാണ് കവര് പൂത്തത്. കവര് ഒരു അത്ഭുത പ്രതിഭാസമായാണ് ജനങ്ങള്‍ കാണുന്നത്. എന്നാല്‍ ബാക്ടീരിയ, ഫങ്കസ്, ആല്‍ഗേ പോലെയുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന (ബയോലുമിന്‍സെന്‍സ്) പ്രതിഭാസമാണിത്.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഇത് സാധാരണ കാണാനാവുക. വെള്ളത്തില്‍ ഇളക്കം തട്ടുന്നതോടെ ഇളം നീല വെളിച്ചത്തിലാണ് ഇവ ദൃശ്യമാവുക. വെള്ളത്തില്‍ ഉപ്പിന്റെ അളവു കൂടുന്തോറും പ്രകാശം വര്‍ധിക്കും. മഴക്കാലമായാല്‍ അപ്രത്യക്ഷമാവുകയും ചെയ്യും. വൈകീട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ വരെ ദൃശ്യമാകുമിത്.

കവര് പൂത്തത് കാണാന്‍ ആയിരക്കണക്കിനാളുകളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തുന്നത്. ഒരു വര്‍ഷം മുന്‍പ് ഈ പ്രതിഭാസം ഇവിടെ ഉണ്ടായിരുന്നെങ്കിലും പുറംലോകം അറിഞ്ഞത് ഈ വര്‍ഷമാണ്. കൊവിഡ് പശ്ചാത്തലത്തില്‍ കൂട്ടം കൂടുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് അരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നൂറുകണക്കിന് വാഹനങ്ങളില്‍ ജനങ്ങള്‍ ഒഴുകിയെത്തുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

Tags:    

Similar News