മനീഷ് സിസോദിയയെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് കെജ്‌രിവാള്‍
ഭവ്‌നഗര്‍: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സിബിഐ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
'അടുത്ത പത്ത് ദിവസത്തിനുള്ളില്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് 2-3 ദിവസത്തിനുള്ളിലാണെന്നാണ്'- ഗുജറാത്തിലെ ഭവ്‌നഗറില്‍ ഒരു യോഗത്തില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇരുവരും.
തങ്ങളുടെ സര്‍ക്കാര്‍ രണ്ട് ലക്ഷം സര്‍ക്കാര്‍ ജോലിയും പത്ത് ലക്ഷം സ്വകാര്യജോലിയും സൃഷ്ടിച്ചതായി സിസോദിയ അവകാശപ്പെട്ടു. ഈ വികാസമാണ് സിബിഐ തനിക്കെതിരേ കുറുക്കുമുറുക്കാന്‍ കാരണമായത്. താനൊരു സത്യസന്ധനായ മനുഷ്യനാണെന്നും സിബിഐയെ പേടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് സന്ദര്‍ശനത്തില്‍ സിസോദിയയെ കെജ്‌രിവാള്‍ ന്യായീകരിച്ചിരുന്നു. മറ്റുള്ളവര്‍ ദശകങ്ങള്‍ക്കൊണ്ട് നേടിയത് സിസോദിയ ചുരുങ്ങിയ കാലംകൊണ്ട് നേടിയെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിരവധി വാഗ്ദാനങ്ങളാണ് അദ്ദേഹം നല്‍കിയത്. എല്ലാ ഗുജറാത്തികള്‍ക്കും സൗജന്യ ആരോഗ്യസുരക്ഷ, മൊഹല്ല ക്ലിനിക്കുകള്‍, ആരോഗ്യസംവിധാനങ്ങള്‍ തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍.
ഗുജറാത്ത് സര്‍ക്കാര്‍ ജോലിക്കിടയില്‍ കൊല്ലപ്പെടുന്ന എല്ലാ പോലിസുകാരുടെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെടുന്ന സൈനികരുടെ കുടുംബത്തിന് ഒരു കോടി നല്‍കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.