കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പാര്‍ട്ടി സ്ഥാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം രൂക്ഷമായി. കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്ന് വിമത നേതാക്കള്‍ വിട്ടുനിന്നു. ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗമാണ് ചടങ്ങില്‍ നിന്നും വിട്ടുനിന്നത്. .ഫ്രാന്‍സിസ് ജോര്‍ജ്ജിനൊപ്പം ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ എന്നീ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തില്ല. അനാരോഗ്യം കാരണമാണ് ചടങ്ങിലെത്താത്തതെന്നാണ് ഫ്രാന്‍സിസ് ജോര്‍ജ്ജ് വിശദീകരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും പാര്‍ട്ടി സ്ഥാനം സംബന്ധിച്ച തര്‍ക്കം മുറുകിയിരുന്നു. മുതിര്‍ന്ന നേതാവായ ഫ്രാന്‍സിസ് ജോര്‍ജിനെ പരിഗണിച്ചില്ലെന്നാണ് വിമത നേതാക്കളുടെ പ്രധാന ആരോപണം.
പാര്‍ട്ടിയില്‍ പദവി നിശ്ചയിച്ചപ്പോള്‍ ചെയര്‍മാന്‍ പി ജെ ജോസഫിനും പി സി തോമസിനും തൊട്ട് താഴെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് മോന്‍സ് ജോസഫാണ്. പാര്‍ട്ടിയില്‍ സീനിയറായ ഫ്രാന്‍സിസ് ജോര്‍ജ്ജിന് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനമാണ് നല്‍കിയത്. പിജെ ജോസഫിനെപ്പോലും മറി കടന്ന് പാര്‍ട്ടിയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മോന്‍സ് ജോസഫിന്റെ നേതൃത്വത്തിലെ മൂന്നംഗം സംഘമാണെന്നും വിമത നേതാക്കള്‍ ആക്ഷേപിക്കുന്നു.