'മനസോടിത്തിരി മണ്ണ്' നല്‍കി മുഹമ്മദ് മുസ്തഫ; 20 സെന്റ് ഭൂമി പഞ്ചായത്തിലെ ഭൂരഹിതര്‍ക്ക്
തൃശൂര്‍: തലചായ്ക്കാന്‍ സ്വന്തമായൊരിടം എന്ന ഓരോ മനുഷ്യന്റെയും സ്വപ്നങ്ങള്‍ക്ക് ചിറകേകുകയാണ് ചൂണ്ടല്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ രായമരയ്ക്കാര്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ. ഭൂരഹിത ഭവനരഹിതരായ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണത്തിന് ആവശ്യമായ ഭൂമി കണ്ടെത്താന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച മനസോടിത്തിരി മണ്ണ് കാംപയിനിന്റെ ഭാഗമായി സ്ഥലം വിട്ടുനല്‍കിയാണ് മുസ്തഫ മാതൃകയായത്. 20 സെന്റ് സ്ഥലമാണ് മുസ്തഫ പഞ്ചായത്തിന് വിട്ടുനല്‍കിയത്. ചൂണ്ടല്‍ പഞ്ചായത്തില്‍ ആദ്യമായാണ് ഈ പദ്ധതിയിലേക്ക് ഒരു വ്യക്തി സ്ഥലം നല്‍കുന്നത്. സ്ഥലത്തിന്റെ രേഖകള്‍ അടുത്ത ദിവസം തന്നെ അധികൃതര്‍ക്ക് കൈമാറും.
ഭവനരഹിതര്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നിര്‍മ്മിച്ച് നല്‍കാന്‍ പഞ്ചായത്ത് തയ്യാറാണെങ്കിലും ഭൂമിയില്ലായ്മ ഒരു പ്രതിസന്ധിയായിരുന്നു. പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധത ഉള്ളവരെ കണ്ടെത്താന്‍ പഞ്ചായത്ത് തലത്തില്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് തൂവാനൂരിലെ 20 സെന്റ് കരഭൂമി പദ്ധതിക്കായി വിട്ടു നല്‍കി മുസ്തഫയും ക്യാമ്പയിന്റെ ഭാഗമാകുന്നത്. വാടക നല്‍കി ജീവിക്കുന്നവരുടെ വിഷമവും സ്വന്തം വീടെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രയത്‌നവുമാണ് ഭൂമി വിട്ടുനല്‍കാന്‍ പ്രചോദനമായതെന്ന് മുസ്തഫ പറയുന്നു. വിദേശത്ത് സിവില്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന മുസ്തഫ പ്രവാസ ജീവിതം മതിയാക്കി പത്ത് വര്‍ഷത്തോളമായി വെട്ടുകാട് കൂനമൂച്ചിയിലെ വീട്ടില്‍ കൃഷിയും മറ്റുമായി സജീവമാണ്.
ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ജനറല്‍ വിഭാഗത്തില്‍ മൂന്നും എസ് സി വിഭാഗത്തില്‍ അഞ്ചുമായി 8 വീടുകളാണ് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ചിട്ടുള്ളത്. മുരളി പെരുനെല്ലി എംഎല്‍എ മുസ്തഫയെ പൊന്നാടയണിച്ച് ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് ആന്‍സി വില്യംസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ വി വല്ലഭന്‍, പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനില്‍, വൈസ് പ്രസിഡന്റ് പി ടി ജോസ്, പതിനാറാം വാര്‍ഡ് മെമ്പര്‍ ജിഷ്ണു, ആസൂതണ സമിതി ഉപാധ്യഷന്‍ ടി സി സെബാസ്റ്റ്യന്‍ മാസ്റ്റര്‍, ആസൂതണ സമിതി അംഗം എം ബി പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു.