മുസ് ലിംകള്‍ക്കെതിരേ കൊലവിളി പ്രകടനം; നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയില്‍ ബിജെപി റാലിയും പൊതുയോഗവും

Update: 2021-12-03 13:54 GMT

തലശ്ശേരി: സംഘ്പരിവാര്‍ സംഘടനകള്‍ മുസ് ലിംകള്‍ക്കെതിരേ കൊലവിളി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയതിനെത്തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച തലശ്ശേരിയില്‍ പോലിസിനെ വെല്ലുവിളിച്ച് ബിജെപിയുടെ റോഡ് തടഞ്ഞ് ഉപരോധവും പ്രകടനവും. പരിപാടിയില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു. പ്രകടനം പാതി വഴിയില്‍ പോലിസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിപ്പ് നടത്തി. 

ഉപരോധത്തില്‍ പങ്കെടുത്ത ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്, ഹിന്ദു ഐക്യവേദി ജനറലര്‍ സെക്രട്ടറി ശ്യാം മോഹന്‍, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് പ്രദീപ് ശ്രീരകം എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.

കൊലവിളി മുദ്രാവാക്യം വിളിക്കെതിരേ നിരവധി സംഘടനകള്‍ ഇന്നലെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതിനു മറുപടിയായി ഇന്ന് ആര്‍എസ്എസ്സും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ആ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തലശ്ശേരിയില്‍ ഡിസംബര്‍ ഒന്നാം തിയ്യതി കെ ടി ജയകൃഷ്ണന്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന റാലിക്കിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുസ് ലിംകള്‍ക്കെതിരേ കൊലവിളി നടത്തിയത്. നിസ്‌കരിക്കാന്‍ പള്ളികള്‍ ഉണ്ടാവില്ലെന്നും ബാങ്ക് വിളികള്‍ കേള്‍ക്കേണ്ടി വരില്ലെന്നുമായിരുന്നു ഒരു സംഘം പ്രവര്‍ത്തകരുടെ ആക്രോശം. ജയകൃഷ്ണനെ വെട്ടിയവര്‍ ആയുസ് ഒടുങ്ങി മരിക്കില്ലെന്നും ആര്‍എസ്എസിന്റെ കോടതിയില്‍ ഇവര്‍ക്കുള്ള ശിക്ഷ നടപ്പിലാക്കുമെന്നും അടക്കം മറ്റ് നിരവധി പ്രകോപനപരമായ മുദ്രാവാക്യങ്ങളും പ്രകടനത്തില്‍ ഉയര്‍ന്നു. പോലിസിന്റെയും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഈ കൊലവിളി. സംഭവത്തില്‍ 25 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ തലശ്ശേരി പോലിസ് കേസെടുത്തു. എസ്ഡിപിഐ അടക്കമുള്ള ഏതാനും സംഘടനകളുടെ പരാതിയിലായിരുന്നു നടപടി. 

Tags:    

Similar News