ബിജെപി കൊടകര ഹവാല കേസ്; കോടതിയില്‍ ഇഡി വീണ്ടും സമയം ആവശ്യപ്പെട്ടു

ഇഡിക്ക് നിലപാട് അറിയിക്കാന്‍ നേരത്തെ കോടതി 10ദിവസം നല്‍കിയിരുന്നു

Update: 2021-06-23 10:12 GMT

തിരുവനന്തപുരം: ബിജെപി കൊടകര ഹവാല ഇടപാടിന്റെ ഉറവിടം ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാ ദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ നല്‍കിയ ഹരജിയില്‍ ഇഡിക്ക് ഹൈക്കോടതി രണ്ടാഴ്ച കൂടി സമയം നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഹൈക്കോടതി രണ്ടാഴ്ച സമയം നീട്ടി നല്‍കിയത്. വിശദമായ സത്യവാങ്മൂലം എഴുതി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.

ജസ്റ്റിസ് അശോക് മേനോനാണ് കേസ് പരിഗണിച്ചത്. ഇഡിക്ക് നിലപാടറിയിക്കാന്‍ നേരത്തെ പത്ത് ദിവസം നല്‍കിയിരുന്നു. സലീം മടവൂരിനു വേണ്ടി അഗസ്റ്റിന്‍ ആന്റ് നിമോദ് അസോസിയേറ്റ്‌സിന്റെ അഡ്വ എഎം നിമോദ് കോടതിയില്‍ ഹാജരായി.

കൊടകരയില്‍ ബിജെപി നേതാക്കള്‍ കൊണ്ട് വന്ന 3.5 കോടി രൂപ ആ പാര്‍ട്ടിയിലെ മറ്റൊരു ഗ്രൂപ്പ് തട്ടിയെടുത്തു എന്നാണ് കേസ്. എന്നാല്‍ 3.5 കോടി മാത്രമല്ല, 400 കോടി രൂപ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ഒഴുക്കിയെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു സലീം മടവൂര്‍ ഇഡിയെ സമീപിച്ചിരുന്നു. ഇഡിയുടെ കൊച്ചിയിലെയും ഡല്‍ഹിയിലേയും ഓഫിസിലേക്ക് പരാതി അയച്ചിരുന്നു. എന്നാല്‍ നടപടി ഉണ്ടാവാത്ത പശ്ചാത്തലത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഈ കേസില്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.


Tags:    

Similar News