കോട്ടപ്പുറം കായലില്‍ ഇനി വള്ളംകളിയുടെ ആരവം: ചാംപ്യന്‍സ് ബോട്ട് ലീഗ് 15ന്

Update: 2022-10-14 05:24 GMT

കൊടുങ്ങല്ലൂര്‍: ഓളപ്പരപ്പിലെ ആവേശമായ വള്ളംകളിക്ക് ഇനി ഒരു നാളിന്റെ കാത്തിരിപ്പ്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന രണ്ടാമത് ചാംപ്യന്‍സ് ബോട്ട് ലീഗ് 2022 വള്ളംകളിയും പ്രാദേശിക വള്ളംകളിയുമാണ് നാളെ കൊടുങ്ങല്ലൂര്‍, കോട്ടപ്പുറം കായലിനെ ആവേശത്തോണിയിലേറ്റുക. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 9 തുഴച്ചില്‍ ടീമുകളുടെ ആറാം പാദ മത്സരമാണ് നടക്കുന്നത്. വെപ്പ്, ഇരുട്ടുകുത്തി, ചുരുളന്‍, മറ്റ് ചുണ്ടന്‍ വള്ളങ്ങള്‍, ചെറുവള്ളങ്ങള്‍ എന്നിവയുടെ മത്സരം, തനത് കലാരൂപങ്ങള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.

വള്ളംകളിയും സാംസ്‌കാരിക സമ്മേളനവും പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.30ന് പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. സമ്മാനദാനം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിക്കും. അഡ്വ.വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മുഖ്യ അതിഥികളായി ബെന്നി ബെഹനാന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം യു ഷിനിജ, വിശിഷ്ട അതിഥിയായി ചലച്ചിത്ര സംവിധായകന്‍ കമല്‍ എന്നിവര്‍ പങ്കെടുക്കും. മുസിരിസ് എംഡി ഡോ.കെ മനോജ്കുമാര്‍ ചടങ്ങില്‍ സ്വാഗതവും ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഐ സുബൈര്‍കുട്ടി നന്ദിയും പറയും.

ഉച്ചയ്ക്ക് 2 മണി മുതല്‍ 3 മണി വരെ നടക്കുന്ന കലാപരിപാടികളില്‍ മേളം, തിരുവാതിര കളി, മാര്‍ഗ്ഗംകളി, ഒപ്പന, നാടന്‍പാട്ട് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3 മണിക്ക് ഹീറ്റ്‌സ് മത്സരങ്ങള്‍ ആരംഭിക്കും.

കൊവിഡ് മൂലം മുടങ്ങിക്കിടന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ 2022 ല്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത അഞ്ച് ജില്ലകളിലായാണ് നടത്തുന്നത്. സെപ്റ്റംബര്‍ നാലിന് ആലപ്പുഴ ജില്ലയില്‍ തുടക്കം കുറിച്ച സിബിഎല്‍ മത്സരങ്ങള്‍ നവംബര്‍ 26ന് കൊല്ലത്ത് നടത്തുന്ന മത്സരങ്ങളോടെ സമാപിക്കും.

ചാംപ്യന്‍സ് ബോട്ട് ലീഗുമായി ഭാഗമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ എം യു ഷിനിജ, വൈസ് ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി ഐ സുബൈര്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News