'മുഖ്യമന്ത്രിയെ വെല്ലുവിളിച്ച കൃഷ്ണരാജ് സര്‍ക്കാരിന് വേണ്ടപ്പെട്ടയാള്‍': വംശീയ പോസ്റ്റിന്റെ പേരില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ പോലിസ്

Update: 2022-06-09 18:16 GMT

കൊച്ചി: ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരേ കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജിനെതിരേ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപ്. ഫേസ് ബുക്കിലൂടെ മുസ് ലിം വിദ്വേഷപ്രചാരണം നടത്തിയ സംഭവത്തിലാണ് അഭിഭാഷകന്‍ കൂടിയായ വി ആര്‍ അനൂപ് കൊച്ചി പോലിസില്‍ പരാതി നല്‍കിയത്. എന്നാല്‍ ആ കേസില്‍ ഇതുവരെയും അന്വേഷണം നടത്തുകയോ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

പരാതിയുടെ കോപ്പിയും പരാതിക്കടിസ്ഥാനമായ പോസ്റ്റും അദ്ദേഹം ഫേസ് ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

വസ്ത്രത്തിന്റെ പേരില്‍ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കെതിരേ സൈബര്‍ ആക്രമണം നടന്ന സമയത്ത് 'ഹൂറികളെ തേടിയുള്ള തീര്‍ത്ഥയാത്ര. കൊണ്ടോട്ടിയില്‍നിന്നു കാബൂളിലേക്ക് പിണറായി സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക സര്‍വീസ്' എന്നാണ് കൃഷ്ണരാജ് ഫേസ് ബുക്കില്‍ എഴുതിയത്. ഇതിനെതിരേയാണ് അനൂപ് കൊച്ചി പോലിസ് കമ്മീഷണര്‍ക്ക് മെയ് 30ന് പരാതി നല്‍കിയത്.

കൊച്ചി സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനിലെ സിഐയുമായി ഇന്നും അനൂപ് സംസാരിച്ചെങ്കിലും നടപടിയായിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞതത്രെ. കേസെടുക്കാതെ വെറുതേ വിടുന്നതാണ് കൃഷ്ണരാജിനെപ്പോലുള്ളവരുടെ കോണ്‍ഫിഡന്‍സനു കാരണമെന്നും അനൂപ് പറഞ്ഞു. 

'''ഞാന്‍ ഒരു തീവ്ര ഹിന്ദുവാണ് ... ധൈര്യമുണ്ടെങ്കില്‍, പിണറായി എനിക്കെതിരെ കേസെടുക്കട്ടെ ' കൃഷ്ണരാജ് എന്ന വിഷജന്തു കേരളത്തിന്റെ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. ഇവിടത്തെ സര്‍ക്കാര്‍ സംവിധാനത്തിന് മൗനമാണ്. ഈ മൗനം ഇപ്പോള്‍ തുടങ്ങിയതല്ലാ, മെയ് അവസാനം ഞാന്‍ കൃഷ്ണരാജിനെതിരെ കൊച്ചി പോലിസ് കമ്മീഷണര്‍ക്ക് കൊടുത്ത പരാതിയാണ്. പരാതി ഗൗരവമുള്ളതാണ്. പിണറായി സര്‍ക്കാര്‍ കാബൂളിലേക്ക് ഹൂറികളെ തേടി കൊണ്ടോട്ടിയില്‍ നിന്ന് സര്‍വ്വീസ് നടത്തുന്നു എന്നാണ് കൃഷ്ണരാജ് പറയുന്നത്. എത്ര അപകടകരമായ പ്രചാരണം, അതും സര്‍ക്കാരിനെതിരെ. പരാതി കൊടുത്തിട്ട് ഒരാഴ്ച പിന്നിട്ടു. പലതവണ കമ്മീഷണര്‍ ഓഫിസുമായി ബന്ധപ്പെട്ടു. ഇന്ന് പോലും സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനിലെ സിഐയുമായി സംസാരിച്ചു. ഇത് വരെ ഒരു നടപടിയും ആയിട്ടില്ലാ. എന്തുകൊണ്ട്? എന്തുകൊണ്ടാണ് സര്‍ക്കാര്‍ കൃഷ്ണരാജിനെ പേടിക്കുന്നത്? എന്താണ് കൃഷ്ണരാജിന്റെ കോണ്‍ഫിഡന്‍സിന്റെ കാരണം? പിണറായി മറുപടി പറഞ്ഞേ തീരൂ''- അനൂപ് ഫേസ് ബുക്കില്‍ കുറിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വപ്‌നയുടെ അഭിഭാഷകനാണ് അഡ്വ. കൃഷ്ണരാജ്. താന്‍ തീവ്രഹിന്ദുവു ഹിന്ദുത്വവാദിയും ആണെന്നും തനിക്കെതിരേ ധൈര്യമുണ്ടെങ്കില്‍ കേസെടുക്കാനുമായിരുന്നു കൃഷ്ണരാജിന്റെ വെല്ലുവിളി.

Tags:    

Similar News