കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും
തിരുവനന്തപുരം: മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തും. ഡ്രൈവര്‍ യദുവിനെതിരായ ലൈംഗികാധിക്ഷേപ കേസിലാണ് മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ കന്റോണ്‍മെന്റ് പോലിസ് അപേക്ഷ നല്‍കി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ആരോപിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തേ മേയര്‍ ആര്യാ രാജേന്ദ്രനുമായുണ്ടായ തര്‍ക്കത്തിനുശേഷം ബസിലെ ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ ചോദ്യംചെയ്തു വിട്ടയച്ചിരുന്നു. വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത യദുവിനെ തിരുവനന്തപുരം സിറ്റി പോലിസ് കമ്മിഷണര്‍ ഓഫിസിലെത്തിച്ചാണ് ചോദ്യംചെയ്തത്. തമ്പാനൂര്‍ പോലിസ് അന്വേഷിക്കുന്ന കേസില്‍ സ്‌റ്റേഷന്‍ മാസ്റ്ററേയും ബസിലെ കണ്ടക്ടറേയും ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.
മൊഴിയില്‍ വൈരുധ്യമുണ്ടെന്നും വീണ്ടുംവിളിപ്പിക്കുമെന്നും പോലിസ് അറിയിക്കുകയും ചെയ്തു. മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് യദുവിനെ പോലിസിന് സംശയമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തത്.
മേയര്‍-ഡ്രൈവര്‍ തര്‍ക്കത്തില്‍ ഇതിനോടകം തന്നെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആര്യയും യദുവും ഒരു അഭിഭാഷകനും കൊടുത്ത പരാതികളിലാണ് കേസെടുത്തിട്ടുള്ളത്. ഈ കേസുകളുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലിസ് പലയിടങ്ങളിലായി പരിശോധനകള്‍ നടത്തിവരികയാണ്.