കുവൈത്ത് എയര്‍വെയ്‌സ് അധികൃതര്‍ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Update: 2020-10-23 00:46 GMT

കുവൈത്ത് സിറ്റി : കുവൈത്ത് എയര്‍ വെയ്‌സ്, ജസീസ് എയര്‍വെയ്‌സ് അധികൃതര്‍ ആരോഗ്യ മന്ത്രി ബാസില്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി. പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ 34 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനു സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ആലോചിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായി കുവൈത്ത് എയര്‍വെയ്‌സ് അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ മന്ത്രി ഗൗരവത്തോടെ പരിഗണിച്ചതായി അധികൃതര്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട്, വിമാനക്കമ്പനികള്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ വിജയകരമായി നടപ്പാക്കുന്നതിനു ആരോഗ്യ മന്ത്രാലത്തിലെ സാങ്കേതിക വിഭാഗം എല്ലാ വശങ്ങളും പരിശോധിച്ച് പഠനം നടത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും കുവൈത്ത് എയര്‍വെയ്‌സ് അധികൃതര്‍ വ്യക്തമാക്കി.

പ്രവേശന വിലക്ക് നിലനില്‍ക്കുന്ന 34 രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നതിനു കഴിഞ്ഞ ദിവസമാണ് കുവൈത്ത് ദേശീയ വിമാന കമ്പനികളായ കുവൈത്ത് എയര്‍ വെയ്‌സും ജസീറ എയര്‍ വെയ്‌സും ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദേശം സമര്‍പ്പിച്ചത്. പ്രവേശന വിലക്കുള്ള രാജ്യങ്ങളെ ഉയര്‍ന്ന രോഗവ്യാപനം നിലനില്‍ക്കുന്നതും അല്ലാത്തതുമായ രാജ്യങ്ങള്‍ എന്നിങ്ങനെ രണ്ടായി തരം തിരിക്കുവാനും ഇതനുസരിച്ച് ഉയര്‍ന്ന രോഗവ്യാപനം നിലനിക്കുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 3 തവണയും അല്ലാത്തവര്‍ക്ക് 2 തവണയും പി.സി.ആര്‍. പരിശോധന നടത്തി രാജ്യത്തേക്ക് പ്രവേശനം അനുവദിക്കണമെന്നുമായിരുന്നു മുന്നോട്ട് വച്ച നിര്‍ദേശം. ക്വാറന്റൈന്‍ കാലാവധി ഒരാഴ്ചയായി ചുരുക്കുവാനും ശുപാര്‍ശ ചെയ്തിരുന്നു.

Similar News