കുവൈത്ത് ഇന്ത്യന്‍ എംബസി പട്ടികയില്‍ നിന്ന് വിവിധ സംഘടനകളെ ഒഴിവാക്കിയ നടപടി പിന്‍വലിച്ചു; സ്ഥാനപതിക്ക് അഭിന്ദനവുമായി ഫിറ കുവൈറ്റ്

Update: 2020-08-26 14:41 GMT

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്ന അസോസിയേഷനുകളെ തുടര്‍ന്നും സഹകരിപ്പിക്കാനുള്ള സ്ഥാനപതിയുടെ നീക്കം സ്വാഗതാര്‍ഹമെന്ന് ഫിറ കുവൈറ്റ്. ഫിറ കുവൈറ്റ് പ്രതിനിധികളെ കഴിഞ്ഞ ദിവസങ്ങളില്‍ എംബസി അധികൃതര്‍ ഫോണില്‍ വിളിച്ചാണ് എംബസിയുമായി തുടര്‍ന്ന് സഹകരിക്കണമെന്ന സന്ദേശം നല്‍കിയത്.

2018 ഏപ്രില്‍ മാസം വരെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ചെറുതും വലുതുമായ 350ഓളം സംഘടനകളില്‍, ചില സംഘടനകളെ മാത്രം കാര്യകാരണങ്ങളും മുന്നറിയിപ്പുമില്ലാതെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വിവിധ സംഘടനകള്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും എംബസി അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഒന്നുമുണ്ടായിരുന്നില്ല.

സാമൂഹ്യപ്രവര്‍ത്തകനും ലോക കേരളസഭയിലെ അംഗവുമായിരുന്ന ബാബു ഫ്രാന്‍സിസ് ആണ് ഒഴിവാക്കപ്പെട്ട 30 ഓളം സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഫിറ (ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ രജിസ്‌ട്രേഡ് അസോസിയേഷന്‍സ്) എന്ന പൊതുവേദി രൂപീകരിച്ച് രജിസ്‌ട്രേഷന്‍ തിരികെ ലഭിക്കുന്നതിനുള്ള പോരാട്ടം തുടങ്ങിയത്. ഇതിന്റെ ഭാഗമായി രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നേരില്‍ കണ്ട് ഫിറ പ്രതിനിധികള്‍ പരാതി നല്‍കി. അത് പ്രയോജനമില്ലാതായപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ശരദ് പവാര്‍, ശശി തരൂര്‍, എന്‍ കെ പ്രേമചന്ദ്രന്‍, ബെന്നി ബഹ്നാന്‍, വി.കെ. ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, കെ സുധാകരന്‍, ടി.എന്‍ പ്രതാപന്‍, രമ്യാ ഹരിദാസ് തുടങ്ങിയ എം പിമാരും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

കൊവിഡ് വ്യാപിച്ചതോടെ കേസ് വൈകി. ഈ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായി വിദേശ കാര്യ സെക്രട്ടറിക്ക് നിവേദനം നല്‍കി. തുടകര്‍ന്ന് ഈ മാസം ആദ്യം സ്ഥാനപതിയായി ചുമതലയേറ്റ സിബി ജോര്‍ജ് ഒഴിവാക്കിയ സംഘടനകളെ വീണ്ടും സഹകരിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പ്രവാസി സംഘടനകളെ വിവേചനമില്ലാതെ ഒന്നിച്ചു ചേര്‍ത്ത് പ്രവാസി സമൂഹത്തെ മുഴുവന്‍ പരിഗണിച്ചു മുന്നോട്ടു പോകാനുള്ള അംബാസിഡററുടെ നിലപാട് അഭിനന്ദനാര്‍ഹമാണെന്ന് ഫിറ കണ്‍വീനര്‍ ബാബു ഫ്രാന്‍സീസും സെക്രട്ടറി ചാള്‍സ് പി.ജോര്‍ജ്ജും അറിയിച്ചു. 

Similar News