ലഖിംപൂര്‍ ഖേരി ആക്രമണം; മഹാരാഷ്ട്രയില്‍ ബന്ദിന് ആഹ്വാനം ചെയ്ത് ഭരണകക്ഷി; വിയോജിച്ച് വ്യാപാരി സംഘടന
മുംബൈ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കു നേരെ ആക്രമണം നടത്തിയതിനെതിരേ മഹാരാഷ്ട്രയില്‍ ഭരണകക്ഷികള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വ്യാപാരി സംഘടന. തിങ്കളാഴ്ചയാണ് വിവിധ പാര്‍ട്ടികള്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സര്‍ക്കാരും ബന്ദിനെ പിന്തുണച്ചു.
ഫെഡറേഷന്‍ ഓഫ് റിട്ടെയില്‍ ട്രേഡേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷനാണ് ബന്ദിനോട് വിയോജിപ്പ് പ്രകടിപ്പിച്ചത്. കൊവിഡ് മഹാമാരിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിന്ന് തങ്ങള്‍ മുടന്തിയായാലും കരകയറിവരികയാണെന്നും ഇപ്പോള്‍ പ്രഖ്യാപിച്ച ബന്ദ് തങ്ങളുടെ വരുമാനത്തെ ഗണ്യമായ തോതില്‍ ബാധിക്കുമെന്നും സംഘടന പറയുന്നു.
ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ബന്ദിന് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദ് പ്രഖ്യാപിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുത്തു.
മഹാരാഷ്ട്രയിലെ 12 കോടി ജനങ്ങളോട് കര്‍ഷകരെ പിന്തുണക്കാന്‍ താന്‍ അഭ്യര്‍ത്ഥിക്കുന്നതായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് പറഞ്ഞു.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഒഴികെ എല്ലാം അടഞ്ഞുകിടക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ലഖിംപൂരിലെ കര്‍ഷകരെ ആക്രമിച്ചുകൊലപ്പെടുത്തിയതിനെ തങ്ങള്‍ അപലപിക്കുന്നതായും ആക്രമണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണമെന്നും എന്നാല്‍ അതിനുവേണ്ടി മഹാരാഷ്ട്ര വികാസ് അഘാടി സര്‍ക്കാര്‍ ബന്ദ് പ്രഖ്യാപിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും സംഘടനയുടെ മേധാവി വീരന്‍ ഷാ പറഞ്ഞു.
18 മാസം നീണ്ടുനിന്ന് ലോക്ക് ഡൗണ്‍ തങ്ങളുടെ നട്ടെല്ലൊടിച്ചെന്നാണ് സംഘടനയുടെ വാദം.
ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹത്തിലെ വാഹനമാണ് കര്‍ഷക പ്രതിഷേധക്കാരെ ഇടിച്ചിട്ടത്. വാഹനം ഓടിച്ച മന്ത്രിയുടെ മകന്‍ ആഷിഷ് മിശ്രയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.