ന്യൂഡല്‍ഹി: യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ നാലു പേരില്‍ ബിജെപി അംഗങ്ങളും. കഴിഞ്ഞ ദിവസം നാല് പേര്‍ കൂടി അറസ്റ്റിലായതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഇന്നലെ അറസ്റ്റിലായ സുമിത് ജെയ്‌സ്വാള്‍ പ്രാദേശിക ബിജെപി നേതാവാണ്. മറ്റുള്ളവര്‍ക്കും ബന്ധങ്ങളുണ്ട്.
നാല് കര്‍ഷകരെ ഇടിച്ചുവീഴ്ത്തിയ വാഹനത്തില്‍ സുമിത്തും സഞ്ചരിച്ചിരുന്നുവെന്ന് പോലിസ് സ്ഥിരീകരിച്ചു. ഒക്ടോബര്‍ മൂന്നിനാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹത്തിലെ വാഹനം കര്‍ഷക പ്രതിഷേധക്കാരെ ഇടിച്ചുവീഴ്ത്തി നാല് പേരെ കൊലപ്പെടുത്തിയത്.
സുമിത് ജെയ്‌സ്വാളിനു പുറമെ നന്ദന്‍ സിംഗ് ഭിഷ്ട്, ശിശുപാല്‍, സത്യപ്രകാശ് ത്രിപാതി എന്നിവരെയാണ് ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണെന്നും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അറസ്റ്റ് ചെയ്ത ത്രിപാതിയില്‍ നിന്ന് റിവോള്‍വറും വെടിയുണ്ടകളും കണ്ടെടുത്തു. ഓരോരുത്തരെയും ചോദ്യം ചെയ്ത് അവരുടെ പങ്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സുമിത് ജെയ്‌സ്വാള്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. കര്‍ഷകര്‍ കൊല്ലാന്‍ ആവശ്യപ്പെട്ട് തങ്ങളെ ആക്രമിക്കുകയാണെന്ന് പിന്നീട് ജെയ്‌സ്വാള്‍ അവകാശപ്പെട്ടു. സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളും നേതാക്കളും ഈ കഥയ്ക്ക് വലിയ പ്രചാരവും നല്‍കി.
തന്റെ ഡ്രൈവറെയും രണ്ട് ബിജെപി നേതാക്കളെയും കര്‍ഷകര്‍ കൊലപ്പെടുത്തിയെന്നാരോപിച്ച് ഇയാള്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആ പരാതിയില്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
താനും സുഹൃത്ത് സുബ്ബം, ഡ്രൈവര്‍ ഹരി എന്നിവര്‍ കാറിലുണ്ടായിരുന്നെന്നും ആ കാര്‍ കര്‍ഷകര്‍ ആക്രമിച്ചുവെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.
ഇടിച്ചുവീഴ്ത്തിയ വാഹനങ്ങളിലൊന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ളതാണ്. മന്ത്രിയുടെ മകന്‍ ആഷിഷ് മിശ്ര കര്‍ഷകരെ വണ്ടി ഇടിച്ചിടുന്ന വാഹനത്തിലുണ്ടായിരുന്നുവെന്ന് കര്‍ഷകര്‍ മൊഴിനല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ ആരോപണം മന്ത്രിയും മകനും നിഷേധിച്ചു.
ആഷിഷിനെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. തിങ്കളാഴ്ച ആഷിഷിനെയും മറ്റുള്ളവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ലഖിംപൂരില്‍ നാല് കര്‍ഷകരുള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൂഡാലോചന നടത്തിയത് കേന്ദ്ര മന്ത്രി അജയ് മിശ്രയെന്നാണ് കര്‍ഷകരുടെ ആരോപണം. മന്ത്രിയുടെ മകന്റെ വാഹനം കര്‍ഷകരെ ഇടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.