ലഖിംപൂര്‍ ഖേരി സംഘര്‍ഷം; ആഷിഷ് മിശ്രയുടെ സുഹൃത്തിനുവേണ്ടി വ്യാപക പരിശോധന
ലഖ്‌നോ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധക്കാരെ വണ്ടി ഇടിപ്പിച്ചുകൊന്ന കേസില്‍ പ്രതിയായ ആഷിഷ് മിശ്രയുടെ സുഹൃത്ത് അങ്കിത് ദാസിനുവേണ്ടിയുള്ള പരിശോധന ആരംഭിച്ചു. മുന്‍ രാജ്യസഭ എംപിയും 2017ല്‍ മരിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാവ് അഖിലേഷ് ദാസിനെ മരുമകന്‍ കൂടിയാണ് അങ്കിത് ദാസ്. ബിജെപിയുടെ നേതാവുമാണ്.
ഞായറാഴ്ച നിരവധി ഇടങ്ങളില്‍ അങ്കിത് ദാസിനുവേണ്ടി പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വണ്ടി കയറ്റിക്കൊന്ന കാറില്‍ യാത്രക്കാരനായിരുന്നു അങ്കിത് ദാസ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോയാണ് അങ്കിത് ദാസിനെക്കുറിച്ച് സൂചന നല്‍കിയത്.
അങ്കിത്തിന്റെ ഡ്രൈവര്‍ ശേഖര്‍ ഭാരതി നല്‍കിയ പരാതിയില്‍ കര്‍ഷകര്‍ക്കെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്.
അതേസമയം അങ്കിത് ദാസിനെയും ശേഖര്‍ ഭാരതിക്കും വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് ഡിഐജി ഉപേന്ദ്ര കുമാര്‍ അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
തലയില്‍ മുറിവ് പറ്റിയ ഒരാളെ പോലിസ് ചോദ്യം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പരിക്കേറ്റ ആള്‍ അങ്കിത് ദാസിന്റെ കാറിലാണ് യാത്ര ചെയ്തതെന്ന് പോലിസിനോട് പറഞ്ഞു.