ലഖിംപൂര്‍ ഖേരി സംഘര്‍ഷം: കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനെതിരേ കൊലക്കുറ്റം ചുമത്തി
ലഖ്‌നോ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധക്കാരെ വണ്ടികയറ്റി കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു. മിശ്രയുടെ മകന്‍ ആഷിഷ് മിശ്രക്കു പുറമെ മറ്റ് ചിലരുടെ പേരും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഷക പ്രതിഷേധക്കാരുടെ നേര്‍ക്ക് വണ്ടിയോടിച്ച് കയറ്റിയതിനെത്തുടര്‍ന്ന് നാല് കര്‍ഷകരും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മറ്റ് നാല് പേരും കൊല്ലപ്പെട്ടിരുന്നു.
ഒരു പൊതുപരിപാടിക്കുവേണ്ടി ലഖിംപൂരിലെത്തിയ അജയ് മിശ്രയുടെയും ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും നേരെ പ്രതിഷേധിക്കാനെത്തിയ കര്‍ഷകരുടെ നേര്‍ക്കാണ് വാഹനം ഓടിച്ച് കയറ്റിയത്. ആഭ്യന്തര സഹ മന്ത്രിയുടെ മകന്‍ ആഷിഷ് മിശ്രയാണ് കാര്‍ ഓടിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം മന്ത്രി നിഷേധിച്ചു.
മന്ത്രിമാരെ ഖരാവോ ചെയ്യാനായാണ് കര്‍ഷകര്‍ എത്തിയത്. സമരം കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടയിലാണ് മൂന്ന് കാറുകള്‍ റോഡിന്റെ അരികില്‍ നിന്നിരുന്ന കര്‍ഷരെ ഇടിച്ചതെന്ന് കര്‍ഷക നേതാവ് ഡോ. ദര്‍ശന്‍ പാല്‍ പറഞ്ഞു.
അപകടം നടന്ന സ്ഥലത്ത് തന്റെ മകന്‍ ഉണ്ടായിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു.