യുപി രാഷ്ട്രീയത്തില്‍ അടിമുടി ജാതിയാണ്. ജാതിയില്‍ ജനിച്ച് ജാതിയില്‍ വളരുന്നതാണ് സംസ്ഥാനത്തെ രാഷ്ട്രീയം. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യുപി ആരാണ് ഭരിക്കുന്നത് അവരായിരിക്കും ഇന്ത്യ ഭരിക്കുകയെന്ന ഒരു ചൊല്ലുതന്നെയുണ്ട്. അത്രത്തോളം ഹിന്ദി ബെല്‍റ്റിലെ ജാതി രാഷ്ട്രീയത്തെ യുപി നിര്‍ണയിക്കാറുണ്ട്.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭകരെ വാഹനമിടിപ്പിച്ചു കൊന്ന കേസില്‍ ആരോപണവിധേയനായ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ എന്തുകൊണ്ടാണ് ബിജെപി കയ്യൊഴിയാത്തതെന്നതിനുള്ള ഉത്തരവും ജാതിയാണ്. കര്‍ഷക ജനസാമാന്യം എതിരാവുമെന്നും ചില സഖ്യകക്ഷികള്‍ക്കെങ്കിലും കാര്‍ഷിക ബില്ലിനെ കയ്യൊഴിയാതെ തങ്ങളുടെ മുന്നണിയിലെത്തുക പ്രയാസമായിരിക്കുമെന്നും ബിജെപിക്കറിയാവുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. അമരീന്ദര്‍സിങ്ങിനെയും അകാലികളെയും പോലുള്ളവരുടെ പാര്‍ട്ടികളുടെ സ്ഥിതി അതാണ്. ഇതൊക്കെ പഞ്ചാബ് രാഷ്ട്രീയത്തിലെ പ്രശ്‌നങ്ങളാണെങ്കിലും കര്‍ഷക സമരത്തിന്റെ സ്വാധീനം യുപിയിലും സജീവമാണ്. കാര്‍ഷിക ബില്ലിനെ ബിജെപി തള്ളിയതും ഇതൊക്കെ അറിയാവുന്നതുകൊണ്ടാണ്.
മുതിര്‍ന്ന ബിജെപി നേതാക്കള്‍ മിശ്രയെ പുറത്താക്കുന്നതിന് എതിരാണെന്നും വര്‍ത്തകളുണ്ട്. മകന്റെ പ്രവര്‍ത്തിക്ക് പിതാവിന് ബാധ്യതയില്ലെന്നായിരുന്നു ബിജെപി നേതാക്കള്‍ പറഞ്ഞത്. പക്ഷേ, മിശ്രയെ പുറത്താക്കാതെ കര്‍ഷകരോഷത്തെ തണുപ്പിക്കാനാവില്ല. ഇതൊക്കെയായിട്ടും എന്തുകൊണ്ടാണ് കര്‍ഷകരുടെ രോഷത്തെ മറികടക്കാന്‍ അജയ് മിശ്രയുടെ രാജി ബിജെപി ആവശ്യപ്പെടാത്തത്? യുപിയിലെ ജാതി രാഷ്ട്രീയത്തിലാണ് അതിന്റെ ക്ലൂ കിടക്കുന്നത്.
രണ്ട് മാസത്തിന് ശേഷം യുപി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താക്കൂര്‍ താല്‍പര്യങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് യുപിയിലെ പ്രധാന ജാതിയായ ബ്രാഹ്മണര്‍ വിശ്വസിക്കുന്നു. ആദിത്യനാഥ് ഭരിച്ച കാലത്തിനുള്ളില്‍ കൊല്ലപ്പെട്ട ബ്രാഹ്മണരുടെ കണക്കുകള്‍ അവരുടെ കയ്യിലുണ്ട്. ബ്രാഹ്മണരുടെ ഈ രോഷം തണുപ്പിക്കാനാണ് ബ്രാഹ്മണനായ മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍ മാസങ്ങള്‍ക്കുമുമ്പ് ആഭ്യന്തര സഹമന്ത്രിയാക്കിയത്.
സത്യത്തില്‍ മിശ്ര യുപിയില്‍ ബ്രാഹ്ണരുടെ ഏറെ പ്രിയപ്പെട്ട ആളൊന്നുമല്ല. കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലെത്തിയ ജിതിന്‍ പ്രസാദയെപ്പോലെ ബ്രാഹ്മണരുടെ 'ശരിയായ' പ്രതിനിധിയുമല്ല. ലഖിംപൂര്‍ ഖേരിയില്‍ മഹാരാജ് എന്നാണ് മിശ്ര അറിയപ്പെടുന്നത്. പ്രദേശത്തെ പ്രധാന മസ്സില്‍മാനും ഇയാള്‍ തന്നെ. എങ്കിലും ഏതെങ്കിലും സാഹചര്യത്തില്‍ ഇയാളെ പുറത്താക്കിയാല്‍ അത് ബിജെപിയുടെ കോര്‍ ബേസായ ബ്രാഹ്മണരുടെ വോട്ട് നഷ്ടപ്പെടുത്തും. ബിജെപിയുടെ പ്രധാന വോട്ട് ബാങ്കാണ് ബ്രാഹ്മണര്‍.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമുദായത്തെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി ബ്രാഹ്മണനായ മുന്‍ കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദയെ യുപി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ, അതുകൊണ്ടൊന്നും മിശ്രയെ പുറത്താക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി കരുതുന്നത്. ഒരു ബിജെപി നേതാവ് അത് തുറന്നുപറഞ്ഞു; ''തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് ബ്രാഹ്മണരെ പ്രകോപിപ്പിക്കുന്ന ഒന്നും ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.... ഒരു തിരിച്ചടി ഉണ്ടായേക്കാം,'' മുതിര്‍ന്ന ബിജെപി നേതാവ് സമ്മതിച്ചു. യോഗി ആദിത്യനാഥ് ബ്രാഹ്മണരെ പീഡിപ്പിക്കുകയാണെന്ന ആരോപണം ബ്രാഹ്മണ സമുദായത്തിനു മാത്രമല്ല, ബിജെപിയില്‍ തന്നെ ശക്തമാണ്. ഇതും ബിജെപിയെ ഭയപ്പെടുത്തുന്നു. ഇപ്പോഴത്തെ ബിജെപി ഭരണത്തില്‍ എത്ര ബ്രാഹ്മണര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ലാംഭുവ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ദിയോമനി ദ്വിവേദി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ബ്രാഹ്മണ സെന്റിമെന്‍സ് പാര്‍ട്ടിയില്‍ സജീവമാണെന്നാണ് ഇതിനര്‍ത്ഥം.
അതേസമയം പ്രതിപക്ഷപാര്‍ട്ടികളുടെ മിശ്രയ്‌ക്കെതിരേയുള്ള സമരം ബിജെപിയ്ക്ക് അനുഗ്രഹമായിട്ടുണ്ടെന്നാണ് ചിലര്‍ പറയുന്നത്. ഇയാളെ പുറത്താക്കുകയാണെങ്കില്‍ ആ കുറ്റം പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടിവയ്ക്കുകയും അവരെ ബ്രാഹ്മണ വിരുദ്ധരായി ചിത്രീകരിക്കാനും കഴിയും. അതുകൊണ്ടുതന്നെ സമരം ശക്തമായാല്‍ ചിലപ്പോള്‍ മിശ്രയെ പുറത്താക്കിയെന്നും വരാം.
സംസ്ഥാനത്തെ വോട്ടര്‍മാരില്‍ 10 ശതമാനത്തോളം വരുന്ന 'ബ്രാഹ്മണര്‍' ഒരു ഡസനോളം ലോക്‌സഭാ സീറ്റുകളിലും 50ലധികം നിയമസഭാ സീറ്റുകളിലും നിര്‍ണ്ണായക ഘടകമാണ്. അവരെ വിട്ട് ഒരു കളിയില്ല, ബിജെപിക്ക്.