തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ദ്ധന ഇന്ന് മുതല്‍ പ്രബല്യത്തില്‍ വന്നു. 2 % വിൽപ്പന നികുതിയാണ് വർദ്ധിച്ചത്. സാധാരണ ബ്രാന്‍റുകള്‍ക്ക് 20 രൂപ വരെയാണ് കൂടുക. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സർക്കാരിന്‍റെ മദ്യം ജവാനാണ്. ഒരു ലിറ്ററിന് 600 ആയിരുന്നത് 610 ആണ് ഇന്ന് മുതല്‍ ഈടാക്കുക. മദ്യത്തോടൊപ്പം ബിയറിനും വൈനിനും 2 % വിൽപ്പന നികുതി വർദ്ധിക്കും. മദ്യവില വർദ്ധിപ്പിച്ച ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പിട്ടിരുന്നു. ഇക്കഴിഞ്ഞ നിയമസഭ സമ്മേളനം പാസ്സാക്കിയ ബില്ലിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ജനുവരി ഒന്ന് മുതൽ 9 ബ്രാൻഡ് മദ്യത്തിന് വില കൂടുമെന്നായിരുന്നു അറിയിച്ചതെങ്കിലും സാധാരണ ബ്രാന്‍റുകള്‍ക്ക് മാത്രമാണ് വില വര്‍ദ്ധന ബാധകമാവുക. പുതു വർഷത്തിൽ പുതിയ വിലക്ക് വിൽക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍, ഉത്തരവിൽ പുതിയ നിരക്ക് ഉടൻ നിലവിൽ വരുമെന്ന് രേഖപ്പെടുത്തിയതിനാൽ ഇന്ന് മുതൽ പുതിയ വിലക്ക് വിൽപ്പന തുടങ്ങുകയായിരുന്നു.
നേരത്തെ മദ്യവില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. തീരുമാനം അശാസ്ത്രീയമാണെന്നും വന്‍കിട മദ്യ കമ്പനികള്‍ക്ക് വേണ്ടി സിപിഎം ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപണം ഉന്നയിച്ചിരുന്നു. മദ്യവില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അശാസ്ത്രീയവും നേരിട്ടോ അല്ലാതെയോ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നതുമാണ്. മദ്യവില അമിതമായി വര്‍ധിപ്പിക്കുന്നത് മാരക ലഹരി വസ്തുക്കളിലേക്ക് വഴിതിരിച്ച് വിടുമെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ കാണാതിരിക്കരുത്. ലഹരിവിരുദ്ധ കാമ്പയിന്‍ നടത്തുന്ന സര്‍ക്കാര്‍ തന്നെ മയക്കുമരുന്ന് വ്യാപനത്തിന് വഴിമരുന്നിടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.