കൊല്‍ക്കൊത്ത: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പശ്ചിമ ബംഗാളില്‍ ജൂണ്‍ 30 വരെ നീട്ടി. ഇന്നലെ നബന്നയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നേരത്തെ ഇത് ജൂണ്‍ 15 വരെ നീട്ടിയിരുന്നു.
''സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. ജൂണ്‍ 10നുള്ളില്‍ 11 ലക്ഷം കുടിയേറ്റത്തൊഴിലാളികള്‍ ട്രയിന്‍ മാര്‍ഗം സംസഥാനത്തേക്ക് എത്തിച്ചേരും. കൊല്‍ക്കൊത്തയില്‍ സൈക്കിളുകള്‍ അനുവദിക്കുന്ന കാര്യം പരിശോധിക്കാന്‍ പോലിസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്''- മുഖ്യമന്ത്രി പറഞ്ഞു.
കുടിയേറ്റത്തൊഴിലാളികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാനസര്‍ക്കാരും തമ്മില്‍ കടുത്ത തര്‍ക്കം നടന്നിരുന്നു. സംസ്ഥാനം തങ്ങളുടെ മറ്റ് സംസ്ഥാനങ്ങളിലുള്ള അന്തര്‍സംസ്ഥാന തൊഴിലാളികളെ തിരിച്ചുകൊണ്ടുവരുന്നതില്‍ താല്‍പര്യമെടുക്കുന്നില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ ആരോപണം. സംസ്ഥാന സര്‍ക്കാര്‍ പക്ഷേ, ആ ആരോപണം നിഷേധിച്ചു.
''ലോക ബാങ്ക് അനുവദിച്ച വായ്പയില്‍ നിന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷക്കായി 850 കോടി ചെലവഴിക്കും. 1,050 കോടി വ്യാവസായികമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ വിനിയോഗിക്കും- അവര്‍ കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റേണ്‍ ഡോക്ടര്‍മാര്‍, അറ്റന്റര്‍മാര്‍, ഗ്രാജ്വേറ്റ് ട്രയിനികള്‍, പോസ്റ്റ് ഡോക്ടറല്‍ ട്രയിനികള്‍ തുടങ്ങിയവരുടെ ശമ്പളം വര്‍ധിപ്പിക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.