ലഖ്‌നോ ടീലെ വാലി പള്ളി നിര്‍മിച്ചത് ലക്ഷ്മണ്‍ ടീലക്ക് മുകളിലെന്ന്: സര്‍വേ ആവശ്യപ്പെട്ട് ഹിന്ദുത്വര്‍

Update: 2022-06-05 14:00 GMT

ലഖ്‌നോ: നവാബി സംസ്‌കാരത്തിന് പേരുകേട്ട ലഖ്‌നോയിലെ പൗരാണിക മസ്ജിദിനു മുകളില്‍ അവകാശവാദം ഉന്നയിച്ച് ഹിന്ദുത്വരുടെ പ്രക്ഷോഭം. ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നടത്താന്‍ കോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് ടീലെ വാലി മസ്ജിദിനുവേണ്ടിയുള്ള പ്രക്ഷോഭവും ശക്തമാക്കുന്നത്. ഗ്യാന്‍വാപിയിലേതുപോലെ സര്‍വേ നടത്തണമെന്നാണ് ആവശ്യം.

2013ല്‍ അഭിഭാഷകനായ ഹരി ശങ്കര്‍ ജെയിനാണ് ലഖ്‌നൗ സിവില്‍ കോടതിയില്‍ പള്ളിയുടെ സര്‍വേ ആവശ്യപ്പെട്ട് ആദ്യം കേസ് ഫയല്‍ ചെയ്തത്. മസ്ജിദ് സ്ഥാപിച്ചത് ലക്ഷ്മണ്‍ ടീലെക്കു മുകളിലാണെന്നാണ് അവകാശവാദം.

മഥുര, ഗ്യാന്‍വാപി തുടങ്ങിയ മസ്ജിദുകള്‍ക്കെതിരേ കേസ് കൊടുത്തതും ഹരിശങ്കര്‍ ജെയിനും മകന്‍ വിഷ്ണു ശങ്കര്‍ ജെയിനും ചേര്‍ന്നാണ്.

അന്തരിച്ച മൗലാന ഫസ്ലുര്‍ റഹ്മാന്റെ പൂര്‍വ്വപിതാവായ ഷാ പീര്‍ മുഹമ്മദിന്റെ ശവകുടീരം ഈ പള്ളിയിലാണ്.

ലഖ്‌നോവിനെ ലക്ഷ്മണ്‍പുരിയെന്ന് പുനര്‍നാമകരണം ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം ശക്തമായതോടെയാണ് മസ്ജിദിനുവേണ്ടിയുള്ള ഹിന്ദുത്വരുടെ നീക്കവും സജീവമായത്.

മുസ് ലിം ആധിപത്യത്തോടെയാണ് ലഖ്‌നോ നഗരത്തിന് ലക്ഷ്മണനുമായുണ്ടായിരുന്ന ബന്ധം വിച്ഛേദിക്കപ്പെട്ടതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ലാല്‍ജി ടണ്ടന്‍ അവകാശപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അങ്കഹ ലഖ്‌നൗ' എന്ന പേരില്‍ ഒരു പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്. 

ശ്രീരാമന്റെ സഹോദരന്റെ പേരിലുള്ള ലക്ഷ്മണ്‍ ടീലെക്ക് മുകളിലാണ് ഔറംഗസേബിന്റെ ഭരണകാലത്ത് സുന്നി മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് ടണ്ടന്റെ വാദം. 

2018 ജൂലൈയില്‍ ബിജെപി നിയന്ത്രണത്തിലുള്ള ലഖ്‌നൗ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മസ്ജിനു മുന്നിലെ നിരത്തില്‍ ലക്ഷ്മണന്റെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വിഷയം വഴിത്തിരിവിലെത്തി. ലഖ്‌നോയും ലക്ഷ്മണനും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് മേയര്‍ സംയുക്ത ഭാട്ടിയ പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. 

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തത് ലക്ഷ്ണന്റെ നഗരത്തിലേക്ക് സ്വാഗതം എന്നായിരുന്നു. ലഖ്‌നോവിന്റെ പേര് മാറ്റുമെന്ന പ്രചാരണം അതോടെ ശക്തമാവുകയും ചെയ്തു. 

Tags:    

Similar News