മാള ഗുരുധര്‍മ്മം മിഷന്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം തുടങ്ങുന്നു
ഒന്‍പത് ഡിപ്പാര്‍ട്ടുമെന്റുകളും 20 ഓളം ഡോക്റ്റര്‍മാരും ഉള്‍പ്പെടെയാണ് ആദ്യഘട്ടം പ്രവര്‍ത്തനം തുടങ്ങുന്നത്.
മാള: ആശങ്കയില്ലാത്ത ആരോഗ്യം ഇനി മാളയുടെ സ്വന്തം എന്ന സന്ദേശവുമായി മാള ഗുരുധര്‍മ്മം മിഷന്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ലോക ശ്രീനാരായണീയര്‍ക്ക് ഒരു മാള മാതൃകയെന്ന നിലയിലേക്ക് ഉയര്‍ന്ന മാള ശ്രീനാരായണ ഗുരുധര്‍മ്മ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള പൊതു കമ്പനിയാണ് ഗുരുധര്‍മ്മം മിഷന്‍ ഹോസ്പിറ്റല്‍. 1800 ലധികം ഓഹരി ഉടമകളുള്ള ഗുരുധര്‍മ്മം മിഷന്‍ ഹോസ്പിറ്റല്‍ അതിന്റെ ആദ്യഘട്ടം ഉദ്ഘാടനമാണ് മാര്‍ച്ച് ഏഴിന് നടക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒന്‍പത് ഡിപ്പാര്‍ട്ടുമെന്റുകളും 20 ഓളം ഡോക്റ്റര്‍മാരും ഉള്‍പ്പെടെയാണ് ആദ്യഘട്ടം പ്രവര്‍ത്തനം തുടങ്ങുന്നത്. ഹോം കെയര്‍ പരിശോധനാ ചികിത്സാ സൗകര്യവും 5000 പേര്‍ക്ക് ചികിത്സാ ഇളവുകള്‍ നല്‍കാനുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. കൂടാതെ സമീപ ഭാവിയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 65 ശതമാനം പരിഗണന നല്‍കുന്നതും സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലും വിദേശങ്ങളിലും ജോലി സാദ്ധ്യതയുള്ള പാരാ മെഡിക്കല്‍ വിദ്യാഭ്യാസം ലഭിക്കുന്നതിന് അനുബന്ധ സ്ഥാപനങ്ങളും തുടങ്ങും. മാളക്ക് 14 കിലോമീറ്റര്‍ ചുറ്റളവിലുള്ള കുടുംബങ്ങളെ ഇന്‍ഷൂറന്‍സ് പരിരക്ഷയിലൂടെ ചികിത്സ നല്‍കുകയെന്ന ലക്ഷ്യമുണ്ട്. നിലവില്‍ അഞ്ച് നിലകളില്‍ 26000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ചികിത്സാ സംവിധാനങ്ങളൊരുക്കിയിരിക്കുന്നത്. നാല് മാസത്തിനകം 100 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തും.
ആധുനിക മെഷിനറികളോടെയുള്ള നാല് തിയേറ്ററുകളുണ്ട്. എത്രയും വേഗതയില്‍ എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ നേടിയെടുക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഗുരുദേവ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് 1998ല്‍ രൂപീകരിച്ച ശ്രീനാരായണ ഗുരുധര്‍മ്മ ട്രസ്റ്റിന്റെ അഞ്ചാമത്തെ പൊതു ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് ഗുരുധര്‍മ്മം മിഷന്‍ ഹോസ്പിറ്റല്‍. ഗുരുധര്‍മ്മം ചിറ്റ്‌സ് ലിമിറ്റഡ്, ഗുരുധര്‍മ്മം നിധി ലിമിറ്റഡ്, ഗുരുധര്‍മ്മം ഫിന്‍കോര്‍പ്പ് ലിമിറ്റഡ്, ഗുരുധര്‍മ്മം ട്രേഡിങ്ങ് ലിമിറ്റഡ് എന്നിവയാണ് മറ്റു കമ്പനികള്‍.
മാള ഗുരുധര്‍മ്മം മിഷന്‍ ഹോസ്പിറ്റലിന്റെ ഉദ്ഘാടനം മാര്‍ച്ച് ഏഴിന് വൈകീട്ട് നാലിന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എ ബി മോഹനന്‍ ഉദ്ഘാടനം ചെയ്യും. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കും. മാനേജിങ് ഡയറക്റ്റര്‍ പി കെ സുധീഷ് ബാബു അദ്ധ്യക്ഷത വഹിക്കും. ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതി സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ശിവഗിരി മഠം സ്വാമി അസ്പര്‍ശാനന്ദ കാഷ്വാലിറ്റി ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് ലോഗോ പ്രകാശനം നിര്‍വ്വഹിക്കും. ഹോസ്പിറ്റല്‍ ചെയര്‍മാന്‍ പി കെ സാബു, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ആദര്‍ശ് കൃഷ്ണന്‍, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി കെ സുധീഷ് ബാബു, സെക്രട്ടറി പി കെ സാബു, ട്രഷറര്‍ കെ വി രാജു, ഡോ ആദര്‍ശ് കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.