മാള- പുത്തന്‍ചിറ റോഡ് തകര്‍ന്നു; വഴിനടക്കാനാവാതെ നാട്ടുകാര്‍

Update: 2020-06-06 13:16 GMT

മാള: മാള- പുത്തന്‍ചിറ റോഡില്‍ തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്ന് പരാതി. ഇതുമൂലം നാട്ടുകാര്‍ ഭീതിയിലാണ്. റോഡ് ഉയര്‍ത്തി ടാറിംഗ് നടത്തുന്ന ഭാഗത്തു പോലും രാത്രിയായാല്‍ കൂരിരുട്ടാണ്. പാമ്പുകളുടേയും മറ്റ് ഇഴജന്തുക്കളുടേയും ഭീഷണി കാരണം ഭീതിയോടെയാണ് ഈ റോഡില്‍ ആളുകള്‍ യാത്ര ചെയ്യുന്നത്. നൂറ് കണക്കിന് കാല്‍നടയാത്രക്കാരും വാഹനങ്ങളും ദിവസവും ഈ റോഡില്‍ കൂടി കടന്ന് പോകുന്നുണ്ട്.

കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ഇവിടെ റോഡ് നെടുകെ പൊളിച്ചിട്ടിരിക്കയാണ്. താല്‍ക്കാലിക വഴിയാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. കലുങ്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും അതിന് വേണ്ടി ഉണ്ടാക്കിയ വലിയ കുഴി ഇപ്പോഴും മുടിയിട്ടില്ല. ബാക്കി ഭാഗത്തെ റോഡും കുഴികള്‍ നിറഞ്ഞ് കിടക്കുകയാണ്. പകല്‍ യാത്ര പോലും ഇതിലൂടെ ബുദ്ധിമുട്ടായിരിക്കെ തെരുവ് വിളക്കുകള്‍ കൂടി കത്താതായതോടെ രാത്രിയില്‍ ഈ റോഡിലൂടെ യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡിലാണ് ഈ ദുര്‍ഗ്ഗതി. നാട്ടുകാര്‍ നിരവധി തവണ പരാതി പറഞ്ഞെങ്കിലും ഗ്രാമപഞ്ചായത്ത് തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. 

Similar News