മാള: കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് ഉണ്ടാക്കാന്‍ മുടി മുറിച്ച് നല്‍കി കൂട്ടുകാരികളും സഹപാഠികളുമായ ആദ്യ കൃഷ്ണ കുമാറും ടി ആര്‍ ഗായത്രിയും മാതൃകയായി. മാള ഫൊറോന പള്ളിയുടെ കീഴിലുള്ള സെന്റ് ആന്റണീസ് ഇംഗ്ലീഷ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. തൃശൂര്‍ അമല കാന്‍സര്‍ സെന്ററിനാണ് ഇവര്‍ മുടി മുറിച്ച് നല്‍കിയത്.
മാള കുനംപറമ്പ് പാഴായി കളരിക്കല്‍ കൃഷ്ണകുമാര്‍-ജിഷ ദമ്പതികളുടെ മകളാണ് ആദ്യ കൃഷ്ണകുമാര്‍. പുത്തന്‍ചിറ പിണ്ടാണി തുളക്കാട്ടുപിളളി രമേശ്-നീതു ദമ്പതികളുടെ മകളാണ് നീതു. ആദ്യയുടെ അച്ഛന്‍ കൃഷ്ണകുമാറാണ് തന്റെ മകളുടെ നീളമുള്ള മുടി കാന്‍സര്‍ രോഗികള്‍ക്ക് മുറിച്ച് നല്‍കാന്‍ ആദ്യം തീരുമാനിച്ചത്.
തന്റെ കൂട്ടുകാരി ചെയ്ത ഈ സല്‍പ്രവൃത്തി തനിക്കും ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് ഗായത്രി തന്റെ മാതാപിതാക്കളെ അറിയിച്ചു. മകളുടെ ഈ ആഗ്രഹത്തിനൊപ്പം നില്‍ക്കാന്‍ മാതാപിതാക്കള്‍ സമ്മതിച്ചതോടെ സല്‍പ്രവൃത്തിക്കായി മുടി മുറിച്ച് നല്‍കാന്‍ ഇരുവര്‍ക്കും സാധിക്കുകയായിരുന്നു. ഗായത്രിയും ആദ്യയും കൂട്ടുകാരികള്‍ മാത്രമല്ല കുടുംബങ്ങളിലെ ഏക മക്കളുമാണ് എന്ന പ്രത്യേകതയുമുണ്ട്. ലോകത്തിനു തന്നെ മാതൃകയാകുന്ന ഈ സല്‍പ്രവൃത്തി ചെയ്ത തന്റെ വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളിന് ആകെ അഭിമാനമാണെന്ന് സെന്റ് ആന്റണീസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷാലി വിത്സന്‍ പറഞ്ഞു.