ബെംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ ബെല്ലാരിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തതായി എന്‍ഐഎ അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ആളുമായി ഇടപഴകിയ ആളെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. മാര്‍ച്ച് ഒന്നിന് സ്‌ഫോടനം നടന്ന് എട്ട് മണിക്കൂറിന് ശേഷം രാത്രി 8.58 ഓടെയാണ് പ്രതിയെന്ന് സംശയിക്കുന്ന ആളെ ബെല്ലാരി ബസ് സ്റ്റാന്‍ഡില്‍ അവസാനമായി സിസിടിവിയില്‍ കണ്ടത്. സ്‌ഫോടനശേഷം പ്രതി രണ്ട് അന്തര്‍ സംസ്ഥാന ബസുകളിലായി യാത്ര ചെയ്താണ് ബെല്ലാരിയിലെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതായും അന്വേഷണ ഏജന്‍സികള്‍ അറിയിച്ചിരുന്നു. ബെല്ലാരിയിലെത്തിയ ശേഷം പ്രതി എങ്ങോട്ട് പോയെന്ന് കണ്ടെത്താനായിട്ടില്ല. ബെല്ലാരിയിലെത്തിയപ്പോള്‍ പ്രതിയുമായി ഇടപഴകിയെന്ന് കണ്ടെത്തിയെന്നു പറഞ്ഞാണ് യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.