ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; അന്താരാഷ്ട്ര യാത്രയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ച് കേന്ദ്ര സര്‍ക്കാര്‍

Update: 2021-10-20 14:20 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച അന്താരാഷ്ട്ര യാത്രാ മാര്‍ഗനിര്‍ദേശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തുന്നു. പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് ഒക്ടോബര്‍ 25 മുതല്‍ എല്ലാ യാത്രികരും ഇന്ത്യയിലേക്കുള്ള വിമാനം കയറണമെങ്കില്‍ ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

പല രാജ്യങ്ങളിലും കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ മുന്നോട്ട് പോയ സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റംവരുത്താന്‍ നിശ്ചയിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒക്ടോബര്‍ 31വരെ അന്താരാഷ്ട്രഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണെങ്കിലും ചരക്ക് വിമാനങ്ങള്‍ക്ക് ചില തിരഞ്ഞെടുത്ത റൂട്ടുകളില്‍ അനുമതി നല്‍കിയിട്ടുണ്ട്.

മാര്‍ച്ച 23, 2020 മുതലാണ് ഇന്ത്യ അന്താരാഷ്ട്രവിമാനഗതാഗതം നിരോധിച്ചത്. പിന്നീട് ഘട്ടംഘട്ടമായി പല നിയന്ത്രണങ്ങളിലും ഇളവ് കൊണ്ടുവന്നു. പിന്നീട് ചില രാജ്യങ്ങളില്‍ മാത്രമായി നിയന്ത്രണം പരിഷ്‌കരിച്ചു. ഇന്ത്യയുമായി എയര്‍ ബബിള്‍ സംവിധാനം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്കാണ് യാത്രാനുമതി നല്‍കിയിരുന്നത്.

യുഎസ്, യുകെ, യുഎഇ, മാലദ്വീപ്, നെതര്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഖത്തര്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളുമായാണ് ഇന്ത്യ വിമാനയാത്ര അനുവദിച്ചിരുന്നത്.

Tags:    

Similar News