മഞ്ചേരി മെഡിക്കല്‍ കോളജ് എല്ലാ രോഗികള്‍ക്കും തുറന്നു കൊടുക്കണം: എസ്ഡിപിഐ

അല്ലാത്ത പക്ഷം മറ്റ് രോഗികള്‍ക്ക് അടിയന്തിരമായി വേറെ സംവിധാനം ഏര്‍പ്പെടുത്തണമെന്നും എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Update: 2020-05-20 12:28 GMT

മലപ്പുറം: കൊവിഡ് സ്‌പെഷ്യല്‍ ആശുപത്രി ആക്കിമാറ്റിയ മഞ്ചേരി മെഡിക്കല്‍ കോളജ് മറ്റു രോഗികള്‍ക്ക് കൂടി തുറന്നു കൊടുക്കണമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം മറ്റ് രോഗികള്‍ക്ക് അടിയന്തിരമായി വേറെ സംവിധാനം ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ മാത്രമാണ് കോവിഡ് സ്‌പെഷ്യല്‍ ആശുപത്രികള്‍ ആക്കി മാറ്റിയിട്ടുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളേജ്, എറണാകുളം മെഡിക്കല്‍ കോളേജ് എന്നിവയാണവ. മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ കൊവിഡ് ചികിത്സ ഉണ്ടെങ്കിലും മറ്റു രോഗികള്‍ക്ക് വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല മറ്റു ചികിത്സാ വിഭാഗങ്ങളെല്ലാം അവിടെ സാധാരണപോലെ പ്രവര്‍ത്തിക്കുന്നുണ്ട്.

എല്ലാ രോഗികള്‍ക്കും പരിശോധനയും അഡ്മിഷനും ഓപറേഷനടക്കം നടക്കുമ്പോള്‍ മഞ്ചരിയില്‍ മാത്രം മറ്റ് രോഗികള്‍ക്ക് പ്രവേശനം പോലും അനുവദിക്കാത്തത് അന്യായവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്.മലപ്പുറത്തെ കൊവിഡ് രോഗികള്‍ക്ക് അതിനനുസൃതമായ സൗകര്യങ്ങള്‍ ഏര്‍പ്പെത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ രോഗികള്‍ക്ക് മെഡിക്കല്‍ കോളജിലേക്ക് പ്രവേശനം നിഷേധിക്കുകയല്ല.

മഞ്ചേരി മെഡിക്കല്‍ കോളജിലെ മറ്റെല്ലാ ചികിത്സകളും ശസ്ത്രക്രിയകളും രണ്ടുമാസമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് നീതീകരിക്കാനാവില്ല. കൊവിഡ് രോഗികള്‍ക്കായി ഒരു വാര്‍ഡ് മാത്രമാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് മറ്റു വിദഗ്ധ ഡോക്ടര്‍മാര്‍ എല്ലാം ജോലി ഇല്ലാത്തതിനാല്‍ വീട്ടില്‍ കഴിയുകയാണ്. കൊവിഡ് ചികിത്സ മൂലം 200ഓളം അടിയന്തര ശസ്ത്രക്രിയകള്‍ ആണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മാറ്റിവെച്ചത് അന്താരാഷ്ട്ര നിയമം അനുസരിച്ച് പ്രത്യേക വഴികളും പ്രത്യേക വാര്‍ഡും സജ്ജമാക്കിയിരിക്കുന്നു.

ആശുപത്രിയിലെ മറ്റ് ചികിത്സാ വിഭാഗങ്ങള്‍ തുറന്നുകൊടുക്കുന്നത് കൊണ്ട് അപകടം ഒന്നുമില്ല. മലപ്പുറം ജില്ലയിലെ നിര്‍ധന രോഗികള്‍ക്കായി ആശുപത്രി എത്രയും പെട്ടെന്ന് തുറന്നു കൊടുക്കണം എന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

ലോക് ഡൗണ്‍ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ പാവപ്പെട്ട രോഗികള്‍ക്ക് മറ്റു സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാന്‍ കഴിയാത്ത നിര്‍ധനരായ രോഗികള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ ആതുരാലയ കവാടങ്ങള്‍ അടച്ചിടുന്നത് മനുഷ്യാവകാശ ലംഘനമാണ്. നാട്ടില്‍ സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമാണ്. ഇക്കാര്യവും സര്‍ക്കാര്‍ കണക്കിലെടുക്കണം. മലപ്പുറം ജില്ലയിലെ 41 ലക്ഷത്തിലധികം ആളുകള്‍ ആശ്രയിക്കുന്ന മഞ്ചേരി മെഡിക്കല്‍ കോളജ് മറ്റ് രോഗികള്‍ക്ക് കൂടി തുറന്നു കൊടുക്കുകയോ എല്ലാ രോഗികളെയും ചികിത്സിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഉടന്‍ സജ്ജമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്ത പരിഹാരം സര്‍ക്കാര്‍ ഉണ്ടാക്കാത്ത പക്ഷം എസ്ഡിപിഐ പ്രക്ഷോഭം ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

ഓണ്‍ലൈന്‍ ജില്ലാകമ്മിറ്റി യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടരി എ കെ മജീദ്, അഡ്വ.സാദിഖ് നടുത്തൊടി, മുസ്തഫ മാസ്റ്റര്‍ പൊന്മള, ശൗക്കത്ത് കരുവാരകുണ്ട്, ബാബു മണി കരുവാരകുണ്ട്, സൈതലവി ഹാജി പങ്കെടുത്തു.

Tags:    

Similar News