കാർഷിക മേഖലയുടെ വികസനത്തിന് മാസ്റ്റർ പ്ലാൻ: മന്ത്രി കെ രാജൻ

Update: 2023-01-20 10:33 GMT

തൃശൂർ: ഒല്ലൂക്കര ബ്ലോക്കിലെ മൂന്നാമത്തെ പച്ചത്തേങ്ങ സംഭരണത്തിന് പാണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ തുടക്കം. വി എഫ് പി സി കെ യുടെ കീഴിലുള്ള പാണഞ്ചേരി സ്വാശ്രയ കർഷക സമിതി മുഖേനയാണ് പച്ചത്തേങ്ങ കർഷകരിൽ നിന്ന് സംഭരിക്കുക.

പച്ചത്തേങ്ങ സംഭരണത്തിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. കാർഷിക മേഖലയുടെ വികസനത്തിനായി കൃഷി, ഇറിഗേഷൻ വകുപ്പുകളുമായി സംയോജിപ്പിച്ച് സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. പീച്ചി ഡാമിലെ കരുതൽ ശേഖരമായ വെള്ളം കൃഷിക്ക് എങ്ങനെ ഉപയോഗപ്പെടുത്താം എന്നത് സംബന്ധിച്ച് വിവിധ വകുപ്പുമായി കൂടിയാലോചിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത് കർഷകർക്ക് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു..

കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഒല്ലൂക്കര ബ്ലോക്കിൽ നടന്ന കൃഷി ദർശൻ പരിപാടിയുടെ ഭാഗമായാണ് പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ പച്ചത്തേങ്ങ സംഭരണത്തിനായി സംഭരണകേന്ദ്രം അനുവദിച്ചത്. കിലോയ്ക്ക് 32 രൂപ നൽകി പഞ്ചായത്തിലെ നാളികേര കർഷകരിൽ നിന്ന് കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നത്. ഒല്ലൂര്‍ കൃഷിസമൃദ്ധിയുടെ നേതൃത്വത്തില്‍ മാടക്കത്തറ, പുത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് മറ്റ് സംഭരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

പാണഞ്ചേരി കൃഷിഭവനിൽ പ്രവർത്തിച്ചുവരുന്ന അഗ്രോ ക്ലിനിക്കിന്റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കർഷകർക്ക് സൗജന്യമായി ജൈവ കീടരോഗ നിയന്ത്രണ ഉപാധികൾ വിതരണം ചെയ്യുന്ന പദ്ധതിക്കും തുടക്കമായി. ജനകീയാസൂത്രണ പദ്ധതി വിഹിതം ആറ് ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. ജൈവ കീടരോഗ നിയന്ത്രണ ഉപാധികളായ ട്രൈക്കോഡെർമ, സ്യൂഡോമോണാസ്, ബ്യൂവേറിയ, ലെക്കാനിസീലിയം മുതലായവ കർഷകർക്ക് അഗ്രോ ക്ലിനിക്കിൽ നിന്ന് ലഭിക്കും.

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ അധ്യക്ഷനായി. പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ

ജൈവകീടനാശിനികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെവി സജു നിർവ്വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രമ്യ രാജേഷ്, കെ കെ രമേഷ് , പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ ടി ജലജൻ, ചെയർപേഴ്സൺ മാരിയ സുബൈദ അബൂബക്കർ, കെവി അനിത, ഒല്ലൂക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി സി സത്യവർമ്മ, കൃഷി ഓഫീസർ ടി ആർ അഭിമന്യു എന്നിവർ പങ്കെടുത്തു.

Similar News