ഇതാണോ ആദിത്യനാഥിന്റെ രാമരാജ്യം? യുപിയിലെ തകര്‍ന്ന ക്രമസമാധാന നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് മായാവതി

Update: 2020-08-24 12:57 GMT

ലഖ്‌നോ: യുപിയിലെ തകര്‍ന്ന ക്രമസമാധാന നിലയെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി. ഇതാണോ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാമരാജ്യമെന്നും മായാവതി പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു മായാവതിയുടെ പ്രതികരണം.

സംസ്ഥാനത്ത് അടുത്ത കാലത്ത് നടന്ന ബലാല്‍സംഗങ്ങളും കൊലപാതകങ്ങളും ദലിത് പീഡനങ്ങളും എണ്ണിപ്പറഞ്ഞുകൊണ്ടാണ് മയാവതി തന്റെ പ്രതിഷേധമറിയിച്ചത്.

''കഴിഞ്ഞ കുറച്ചുനാളായി സംസ്ഥാനത്ത് ബലാല്‍സംഗങ്ങളും കൊലപാതകങ്ങളും അടക്കമുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്. സിതാപൂരില്‍ ഒരു ദലിത് പെണ്‍കുട്ടി ബലാന്‍സംഗം ചെയ്യപ്പെട്ടു, ചിത്രകൂട്ടില്‍ അടിമത്തൊഴില്‍ ചെയ്യാന്‍ വിസമ്മതിച്ച ഒരു യുവാവിന്റയും മകന്റെയും കൈകള്‍ തല്ലിയൊടിച്ചു, ഗോരഖ്പൂരില്‍ ഇരട്ടക്കൊലപാതകം. ഇതാണോ സര്‍ക്കാരിന്റെ രാമരാജ്യം? കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണം. ബിഎസ്പി ഉയര്‍ത്തുന്ന ആവശ്യമാണ് ഇത്''-മായാവതി ട്വീറ്റ് ചെയ്തു.

നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയും ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില തകര്‍ന്നതിതിനെതിരേ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

ഈ മാസം ആദ്യം സീതാപൂരിലെ ബിസ്വാന്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാന്‍സംഗം ചെയ്തതിന് മൂന്ന് കൗമാരക്കാരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരേ പോക്‌സോ കുറ്റം ചുമത്തി. 

Tags:    

Similar News