മാള: മാളയുടെ ചരിത്രവും സംസ്‌കൃതിയുമായി ഇഴപിരിഞ്ഞൊഴുകുന്ന മാളച്ചാലിന്റെ വീണ്ടെടുപ്പിനായുള്ള നടപടികള്‍ പ്രഖ്യാപനത്തിലൊതുങ്ങി. മാളച്ചാലിന്റെ പല ഭാഗങ്ങളിലും ഇപ്പോള്‍ കുളവാഴ നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. അനധികൃത കൈയേറ്റവും നികത്തലും കാരണം
നാശോന്‍മുഖമായ മാളച്ചാലിന്റെ വീണ്ടെടുപ്പിനായി ആവിഷ്‌കരിച്ച പദ്ധതിയും അധികൃതരുടെ അനാസ്ഥ കാരണം ജലരേഖയായി മാറി.
രണ്ട് വര്‍ഷം മുന്‍പ് മാള ഗ്രാമപഞ്ചായത്ത് ഹാളില്‍ നാട്ടുകാര്‍ ഒത്തുകൂടി ഹരിത കേരള മിഷനും മാള ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മാളച്ചാല്‍ സംരക്ഷണ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ഉറുമീസിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ഈ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ ചണ്ടിയും കുളവാഴയും നീക്കുന്നതില്‍ ഒതുങ്ങുകയാണുണ്ടായത്. മാള ഗ്രാമപഞ്ചായത്തിലെ വൈന്തോടുമായി ബന്ധിക്കുന്ന മാളച്ചാല്‍ പടിഞ്ഞാറ് കോട്ടപ്പുറം കായലുമായാണ് ബന്ധിക്കുന്നത്. മാളയെ പണ്ടത്തെ വാണിജ്യ കേന്ദമാക്കിയതിന്റെ പിന്നിലെ പ്രധാന കാരണം ഈ ജലപാതയായിരുന്നു. ശാസ്ത്ര പുരോഗതിയുടെ കുതിപ്പില്‍ റോഡുകളും പാലങ്ങളും സാര്‍വ്വത്രികമായതോടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ ചാല്‍ ഇന്നും ഈ പ്രദേശത്തെ ജലസമൃദ്ധിയുടെ മുഖ്യസ്രോതസാണ്. കടുത്ത വേനലിലും ജലസമൃദ്ധമാണ് മാളച്ചാല്‍. ഈ ജലസമൃദ്ധിയാണ് കച്ചവട താല്‍പര്യത്തിന്റെ പേരില്‍ ഇന്ന് നശിപ്പിക്കുന്നത്. ചാലിന്റെ വെള്ളം നിറഞ്ഞ ഓരങ്ങള്‍ ഇതിനകം വ്യാപകമായി നികത്തി സ്വകാര്യ ഭൂമികളാക്കിമാറ്റിയിട്ടുണ്ട്. ഇപ്പോള്‍ അവശേഷിക്കുന്ന ഭാഗങ്ങളും മണ്ണിട്ട് നികത്തി കരഭൂമിയാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
മാളച്ചാല്‍ നികത്തുന്നതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളൊന്നും രംഗത്ത് വന്നില്ലെന്നതും ശ്രദ്ധേയമാണ്. ചരിത്രപ്രധാന്യമുള്ള പൊയ്യയിലെ നെടുംകോട്ട ഇടിച്ച് നിരത്താന്‍ ശ്രമിച്ചപ്പോഴും മൗനം പാലിച്ച് ചരിത്ര സ്‌നേഹികളും പൈതൃക സംരക്ഷകരും ശ്രദ്ധ നേടിയിരുന്നു. മാള ടൗണിലെ മാലിന്യ കുപ്പയായി മാളച്ചാല്‍ മാറുകയുമാണ്. ടൗണിലെ മാലിന്യവുമായി ഒഴുകിയെത്തുന്ന അഴുക്കുചാല്‍ അവസാനിക്കുന്നത് മാളച്ചാലിലേക്കാണ്. മാലിന്യത്തിന്റെ ഗാഢതമൂലം പലപ്പോഴും മത്സ്യങ്ങള്‍ ചത്ത് പൊന്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റും മത്സ്യ മാംസ വില്‍പ്പന കേന്ദവും പ്രവര്‍ത്തിക്കുന്നത് ചാലിന്റെ ഓരത്താണ്. ഇവിടെ നിന്നുള്ള അവശിഷ്ടങ്ങളും അവസാനമെത്തുന്നത് ചാലിലേക്കാണ്. മാളച്ചാല്‍ സംരക്ഷണത്തിനായി പ്രായോഗിക പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.