മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരന്‍; കേസില്‍ വിധി പറയേണ്ടത് കോടതിയെന്നും ഡൊമനിക്കന്‍ പ്രധാനമന്ത്രി

Update: 2021-06-08 05:36 GMT

റോസിയൊ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിച്ച് മുങ്ങിയ മെഹുല്‍ ചോക്സി ഇന്ത്യന്‍ പൗരനാണെന്ന് ഡൊമനിക്കന്‍ പ്രധാനമന്ത്രി റൂസ് വെല്‍ട്ട് സ്‌കെറിട്ട്. ചോക്‌സിയുടെ ഭാവി തീരുമാനിക്കേണ്ടത് കോടതിയാണെന്നും അതേസമയം വിചാരണ നേരിടുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലേക്ക് അടിയന്തരമായി നാടുകടത്തുന്നതില്ലെന്ന് കഴിഞ്ഞ ദിവസം കോടതി നിലപാടെടുത്തിരുന്നു.

മെഹുല്‍ ചോക്സിയുടെ കേസില്‍ തങ്ങള്‍ക്ക് പ്രത്യേകിച്ച് താല്‍പ്പര്യമൊന്നുമില്ലെന്നും കാരണം ആന്റ്വിക്വയ്ക്കും ഇന്ത്യക്കുമിടയിലാണ് പ്രശ്‌നങ്ങളെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡൊമനിക്കന്‍ റിപബ്ലിക്കിന് ഒരു രാജ്യമെന്ന നിലയില്‍ അതിന്റെ കടമയും ഉത്തരവാദിത്തവും എന്താണെന്ന് അറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മെയ് 23നാണ് ചോക്സിയെ ആന്റ്വിക്വയില്‍ നിന്ന് കാണാതായത്. പിന്നീട് അദ്ദേഹം ഡൊമനിക്കയിലാണ് പൊങ്ങിയത്. അനധികൃതമായി രാജ്യത്തിന്റെ അതിര്‍ത്തി കടന്നതിന് ഡൊമനിക്കന്‍ റിപബ്ലിക്കില്‍ ചോക്സിക്കെതിരേ കേസുണ്ട്.

63 വസ്സുള്ള ചോക്സി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപ തട്ടിച്ച് നാടുവിട്ട കേസില്‍ പ്രതിയാണ്.

ആന്റിഗ്വയില്‍നിന്ന് ഡൊമിനിക്കന്‍ റിപബ്ലിക്കിലെത്തി അവിടെനിന്ന് ക്യൂബയിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ ശ്രമം.

ഹണിട്രാപ്പില്‍ പെട്ട് ഡൊമിനിക്കയിലെത്തിയതെന്നാണ് മെഹുല്‍ ചോക്സിയുടെ അഭിഭാഷകരുടെ വാദം. അതേസമയം ചോക്സിയെ നാടുകടത്തി ഇന്ത്യയിലെത്തിക്കുക നിയമപരമായി ബുദ്ധിമുട്ടാവില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. പ്രതി രാജ്യത്തിന്റെ നിയമങ്ങളെ ദുരുപയോഗം ചെയ്ത് ഭരണകൂട സംരക്ഷണം നേടുകയായിരുന്നുവെന്നും ആന്റിക്വ പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ നാടുകടത്തല്‍ ബുദ്ധിമുട്ടാവില്ല.

പ്രതിയെ നാട്ടിലെത്തിക്കാന്‍ സിബിഐയുടെയും എന്‍ഫോഴ്സ്മെന്റിന്റേയും ഉദ്യോഗസ്ഥര്‍ ഏതാനും ദിവസങ്ങളായി ഡൊമനിക്കയില്‍ ചാര്‍ട്ടേര്‍ഡ് വിമാനവുമായി കാത്തിരിക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിക്കൊണ്ട് മെഹുല്‍ ചോക്സിയുടെ സഹോദരന്‍ ഡൊമനിക്കന്‍ റിപബ്ലിക്കിലെ പ്രതിപക്ഷനേതാവിനെ കണ്ടിരുന്നു. അടുത്ത തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ആവശ്യമായ പണം നല്‍കാമെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്നുമാണ് ആവശ്യം.

മെഹുല്‍ ചോക്സി നിയമവിരുദ്ധമായാണ് ആന്റിക്വയില്‍ കടന്നുകൂടിയതെന്ന് രാജ്യത്തെ പ്രധാനമന്ത്രിതന്നെ കത്തിലൂടെ മെഹുല്‍ ചോക്സിയെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 2018ല്‍ നല്‍കിയ പൗരത്വും 2019ല്‍ റദ്ദാക്കി. തന്റെ രാജ്യത്തേക്ക് മെഹുല്‍ ചോക്സിയെ കടത്തുകയില്ലെന്ന് ആന്റിക്വ പ്രധാനമന്ത്രി ഗാസ്റ്റോണ്‍ ബ്രൗണ്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നേരിട്ട് ഇന്ത്യയിലേക്ക് കയറ്റിവിടണമെന്നാണ് ആന്റിക്വ നിലപാടെടുത്തത്.

Tags:    

Similar News