മാതാപിതാക്കളുടെ തീരുമാനം മാതൃകാപരം; നേവിസിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രി

Update: 2021-09-28 07:28 GMT

തിരുവനന്തപുരം: ഏഴ് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച കോട്ടയം വടവത്തൂര്‍ സ്വദേശി നേവിസിന്റെ(25) വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കുടുംബത്തെ ആശ്വസിപ്പിച്ചു. നേവിസിന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുന്നതിന് വേണ്ടിയുള്ള മാതാപിതാക്കളുടേയും മറ്റ് കുടംബാംഗങ്ങളുടേയും തീരുമാനം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ആ തീരുമാനത്തോട് പ്രത്യേകമായ നന്ദിയും ആദരവും അറിയിക്കുന്നു. അനശ്വരമായ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് നേവിസ് കടന്ന് പോയത്. നേവിസിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിച്ചു. അച്ഛന്‍ സാജന്‍ മാത്യു, അമ്മ ഷെറിന്‍, സഹോദരന്‍ എല്‍വിസ്, സഹോദരി വിസ്മയ എന്നിവരെ മന്ത്രി ആദരവറിയിച്ചു. നേവിസിന് മന്ത്രി അന്ത്യാജ്ഞലി അര്‍പ്പിക്കുകയും ചെയ്തു.

സഹകരണ മന്ത്രി വിഎന്‍ വാസവനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് നേവിസിന്റെ അവയവങ്ങള്‍ കുടുംബം ദാനം നല്‍കിയത്. ഏഴ് പേര്‍ക്കാണ് അതിലൂടെ പുതുജീവിതം ലഭിച്ചത്. ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. ഫ്രാന്‍സില്‍ അക്കൗണ്ടിങ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമുള്ള പ്രശ്‌നമായിരുന്നു. തുടര്‍ന്നാണ് മസ്തിഷ്‌ക മരണം സംഭവിച്ചതും അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിച്ചതും. അവയവം സ്വീകരിച്ചവര്‍ അതത് ആശുപത്രികളില്‍ സുഖം പ്രാപിച്ചു വരുന്നു.

Tags:    

Similar News