വടകര : മാഹി കനാലിന് കുറുകെയുള്ള മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജ് പ്രവൃത്തിക്ക് തുടക്കം. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മണിയൂരില്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും ഓരോ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം വികസനത്തിനായി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും. ജില്ലയില്‍ ടൂറിസത്തിന് അനന്ത സാധ്യതകളാണുള്ളത്. ടൂറിസം മേഖലകള്‍ ജനത്തെ അറിയിക്കാനായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കും. ആപ്പിലൂടെ കേരളത്തിലെ ഓരോ പഞ്ചായത്തിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. ആഭ്യന്തര ടൂറിസത്തിനാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സാധ്യത. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നാട്ടുകാരും ജനപ്രതിനിധികളും ഇടപെടണമെന്നും മന്ത്രി പറഞ്ഞു വടകര - മാഹി ജലപാതയുടെ ഭാഗമായി ഇരു കരകളെ ബന്ധിപ്പിക്കുന്നതിനും കനാലില്‍ ശുദ്ധജലം നിലനിര്‍ത്തുന്നതിനും ഉപ്പുവെള്ളം കയറുന്നത് തടയാനുമാണ് കുറ്റ്യാടി പുഴയോട് ചേര്‍ന്ന് മൂഴിക്കലില്‍ ലോക്ക് കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നത്. തീരദേശ കപ്പല്‍ ഗതാഗത ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് മുഖേന നിര്‍മ്മിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക 16.95 കോടി രൂപയാണ്. മണിയൂര്‍, തിരുവള്ളൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് വടകര-മാഹി കനാലിന് കുറുകെ മൂഴിക്കലില്‍ ലോക് കം ബ്രിഡ്ജ് ജനങ്ങളുടെ നിരന്തരമായ ആവശ്യമായിരുന്നു .ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല .
കുറ്റ്യാടി എംഎല്‍എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫില്‍, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പുല്ലരൂല്‍ ശ്രീജ, ഷീബ പി സി, മണിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി എം അഷ്‌റഫ്, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി വി രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.