മസ്ജിദും ചര്‍ച്ചും സിനഗോഗും ഒറ്റയിടത്ത്; അബുദാബിയിലെ അബ്രഹാമിക് ഫാമിലി ഹൗസ് ആദ്യഘട്ടം പൂര്‍ത്തിയായി

2019 ഫെബ്രുവരിയില്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അബുദാബി സന്ദര്‍ശിച്ചതിന്റെ ഓര്‍മക്കാണ് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദിന്റെ മേല്‍നോട്ടത്തില്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്

Update: 2021-06-16 00:55 GMT

അബുദാബി: വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് അടുത്തടുത്തായി പ്രാര്‍ഥനാ സൗകര്യം സാധ്യമാകുന്ന അബുദാബിയിലെ അബ്രഹാമിക് ഫാമിലി ഹൗസ് ആദ്യഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചു. അല്‍ ത്വയ്യിബ് മസ്ജിദ്, സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്, മോസസ് ബിന്‍ മൈമോന്‍ സിനഗോഗ് എന്നീ ആരാധനാലയങ്ങള്‍ ഒരു കുടക്കീഴില്‍ പണിത മതസഹിഷ്ണുതയുടെ അടയാളമാണ് അബ്രഹാമിക് ഫാമിലി ഹൗസ്. സാദിയാത്ത് ദ്വീപിലാണ് ഇത് ല്‍ നിര്‍മിക്കുന്നത്. ആരോഗ്യകരമായ സംവാദം പ്രോത്സാഹിപ്പിക്കുന്നതിനും പരസ്പരം ശത്രുതയില്ലാതെ സ്നേഹത്തില്‍ വര്‍ത്തിക്കുന്നതിനും അബ്രഹാമിക് പാരമ്പര്യമുള്ള ഈ മൂന്നു മത വിശ്വാസികളെയും പ്രാപ്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2022 ല്‍ പൂര്‍ത്തിയാകുന്ന പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി.പദ്ധതിയുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടു.


2019 ഫെബ്രുവരിയില്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അബുദാബി സന്ദര്‍ശിച്ചതിന്റെ ഓര്‍മക്കാണ് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദിന്റെ മേല്‍നോട്ടത്തില്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് ആര്‍ക്കിടെക്ട് സര്‍ ഡേവിഡ് അഡ്ജയ് ആണ് അബ്രഹാമിക് ഫാമിലി ഹൗസിന്റെ രൂപകല്‍പന നിര്‍വഹിച്ചത്. മത സൗഹാര്‍ദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാതൃകയായി ഓരോ മതത്തിന്റെയും തനത് വിശുദ്ധി വെളിപ്പെടുത്തുന്നതായിരിക്കും പദ്ധതിയെന്ന് ടൂറിസം, സാംസ്‌കാരിക വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക് പറഞ്ഞു.




Tags:    

Similar News