ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ വിറ്റുതുലക്കല്‍ നീക്കം പൊതുമേഖലയിലെ എണ്ണപ്പാടങ്ങള്‍ക്കു നേരെയും. ഒഎന്‍ജിസിയുടെ എണ്ണപ്പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നീക്കം തുടങ്ങി. പെട്രോളിയം മന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറി അമര്‍ നാഥ് ഒഎന്‍ജിസി ചെയര്‍മാന്‍ സുഭാഷ് കുമാറിന് ഇതടക്കമുള്ള പദ്ധതി കൈമാറി.
പന്ന-മുക്ത, രത്‌ന, ആര്‍ സീരീസ് എന്നീ ഗ്രേഡുകളിലുള്ള പടിഞ്ഞാറന്‍ തീരത്തെ എണ്ണ പാടങ്ങളും ഗുജറാത്തിലെ ഗാന്ധാറും സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാനാണ് നിര്‍ദേശം. കമ്പനിയുടെ ഓരോ മേഖലയും പ്രത്യേകം കമ്പനികളാക്കി മാറ്റാനും നിര്‍ദേശമുണ്ട്.
കമ്പനിയെ വൈവിധ്യവല്‍ക്കരിക്കുക, വരുമാനം വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യമായി പറയുന്നതെങ്കിലും സ്വകാര്യവല്‍ക്കരണമാണ് പ്രധാനലക്ഷ്യം. 2023-24 വര്‍ഷമാകുമ്പോഴേക്കും കമ്പനിയുടെ ഉത്പാദനക്ഷമത മൂന്നിലൊന്ന് വര്‍ധിപ്പിക്കുകയാണ് പദ്ധതിയെന്ന് സര്‍ക്കാര്‍ പറയുന്നു.